ബെംഗളൂരു : കർണാടക ആർ.ടി.സി.ബസുകളിൽ യാത്രക്കാർ കൂടിയ സാഹചര്യത്തിൽ പുതിയബസുകൾ വാങ്ങാൻ സംസ്ഥാനസർക്കാർ 500 കോടി രൂപ അനുവദിച്ചു.
ബി.എം.ടി.സി., എൻ. ഡബ്ല്യു.ആർ.ടി.സി. എന്നിവയ്ക്ക് 150 കോടി രൂപവീതവും കെ.എസ്.ആർ.ടി.സി.ക്കും കെ.കെ.ആർ.ടി.സി.ക്കും 100 കോടി രൂപവീതവുമാണ് ലഭിക്കുക.
നാലു ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കുമായി ആകെ 2500 ബസുകൾ ഈ തുക കൊണ്ട് വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പുതുതായി വാങ്ങുന്നബസുകൾ തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾക്കായി ഉപയോഗിക്കും.
സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി പ്രാബല്യത്തിൽവന്നതോടെയാണ് ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടിയത്.
ക്ഷേത്രങ്ങളിലേക്കും പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുമുൾപ്പെടെയുള്ള ബസുകളിൽ വലിയതിരക്കാണ് അനുഭവപ്പെടുന്നത്.
ഇത്തരം റൂട്ടുകളിൽ കൂടുതൽബസുകൾ അനുവദിക്കണമെന്ന് യാത്രക്കാരുടെ ഭാഗത്തുനിന്ന് നിരന്തരം ആവശ്യമുയർന്നിരുന്നെങ്കിലും ബസുകളുടെ അഭാവത്തെത്തുടർന്ന് അധികസർവീസുകൾ നടത്താൻ കഴിഞ്ഞിരുന്നില്ല.
ഇത്തരം റൂട്ടുകളുടെ പട്ടികതയ്യാറാക്കാൻ ഗതാഗതവകുപ്പ് നേരത്തേ ട്രാൻസ്പോർട്ട് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.
സർക്കാർ അനുവദിച്ച തുക ഡീസൽ ബസുകൾ വാങ്ങാനാണ് ഉപയോഗിക്കുകയെന്നാണ് സൂചന.
നേരത്തേ പുതുതായി വൈദ്യുതബസുകൾമാത്രം വാങ്ങാനായിരുന്നു സർക്കാരിന്റെ തീരുമാനം.
എന്നാൽ ഇത്തരം ബസുകൾക്ക് വലിയ തുകയാകുമെന്നതിനാൽ ഡീസൽ ബസുകളും പരിഗണിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.