ബെംഗളൂരു: തീവണ്ടിയിൽ അച്ഛനോടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ.
മാവേലിക്കര അറനൂറ്റിമംഗലം പുതിയവീട്ടിൽ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടിൽ ദീപയുടെയും മകൻ ധ്രുവൻ ശ്രീഹരി(21) ആണ് മരിച്ചത്.
ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ തീവണ്ടിയിൽ യാത്രചെയ്യവേ ഈറോഡിനടുത്തുവെച്ച് ബുധനാഴ്ച പുലർച്ചേയാണ് സംഭവം.
അച്ഛൻ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുൻപു നാട്ടിലെത്തിയ ധ്രുവൻ, ചൊവ്വാഴ്ച രാത്രിയിലാണ് കായംകുളത്തുനിന്ന് അച്ഛനോടൊപ്പം തന്നെ ബെംഗളൂരുവിലേക്കു യാത്രതിരിച്ചത്.
താഴത്തെ ബർത്തിൽ ഉറങ്ങാൻകിടന്ന ധ്രുവനെ, പുലർച്ചേ നാലിന് അച്ഛൻ വിളിച്ചപ്പോൾ ഉണർന്നില്ല.
ടി.ടി.ഇ.യെ അറിയിച്ചതിനെത്തുടർന്ന് തീവണ്ടി ഈറോഡിനടുത്തുള്ള ശങ്കരിദുർഗ് സ്റ്റേഷനിൽ നിർത്തി.
അവിടത്തെ സ്റ്റേഷൻ മാസ്റ്റർ ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണു സൂചന.
ബിരുദപഠനം കഴിഞ്ഞ ധ്രുവൻ ബെംഗളൂരുവിൽ ഉപരിപഠനത്തിലായിരുന്നു.
ശ്രീഹരിക്ക് ബെംഗളൂരുവിൽ ബിസിനസാണ്.
അമ്മ ദീപ അവിടെത്തന്നെ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്.
സഹോദരൻ: ദേവനന്ദനൻ. സംസ്കാരം വ്യാഴാഴ്ച 3.30-ന് ഭരണിക്കാവിലെ വീട്ടുവളപ്പിൽ.