ബെംഗളൂരു: ഉള്ളാള് കുമ്പളയിൽ ആധാർ കാർഡ് കൈയിൽ കരുതിയില്ലെന്ന കാരണം പറഞ്ഞ് കർണാടക ആർ.ടി.സി ബസ് കണ്ടക്ടർ വിദ്യാർഥിനികളെ ഇറക്കിവിട്ടതായി പരാതി.
ക്ഷുഭിതരായ നാട്ടുകാർ അടുത്ത സ്റ്റോപ്പിൽ ബസ് തടഞ്ഞ് കണ്ടക്ടറെ വിളിച്ചിറക്കി ചോദ്യം ചെയ്തു.
മംഗളൂരു-കുമ്പള റൂട്ടിൽ സർവീസ് നടത്തുന്ന സിറ്റി ബസിലാണ് സംഭവം.
കണ്ടക്ടർ എസ്.എച്ച്.ഹുസൈനാണ് കുമ്പള ഗവ. സ്കൂൾ വിട്ടു വരുകയായിരുന്ന, മൂന്ന്, അഞ്ച് ക്ലാസുകളിലെ കുട്ടികളെ ഇറക്കിവിട്ടത്.
സ്ഥിരം കണ്ടക്ടർ അവധിയായതിനാൽ താൽക്കാലികമായി ജോലിക്ക് കയറിയതായിരുന്നു ഹുസൈൻ.
ഇതേ ബസിൽ പതിവ് യാത്രാക്കാരായ കുട്ടികളോട് ഇതുവരെ ആധാർ കാർഡ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് സ്കൂൾ പ്രധാനാധ്യാപിക എം.എം.ഗുലാബി പറഞ്ഞു.
അവരും ഈ ബസ് യാത്രക്കാരാണ്. ആധാർ പരിശോധിക്കണമെന്ന നിർദ്ദേശം പാലിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് മനുഷ്യത്വരഹിത പെരുമാറ്റം എന്ന ആക്ഷേപങ്ങളോട് കണ്ടക്ടർ പ്രതികരിച്ചു.