ബെംഗളൂരു: ക്ലാസിൽ കയറാത്തത് രക്ഷിതാക്കളെ അറിയിച്ച അധ്യാപകനെ വടിവാളുമായി കോളേജിലെത്തി ഭീഷണിപ്പെടുത്തി വിദ്യാർഥി.
മണ്ഡ്യ ജി.ബി. നഗറിലെ സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാർഥിയായ ഉദയ് ഗൗഡയാണ് വടിവാളുമായി ക്ലാസിലെത്തി അധ്യാപകനായ ചന്ദനെ ഭീഷണിപ്പെടുത്തിയത്.
ഉദയ് ക്ലാസിൽ കയറുന്നില്ലെന്നും മറ്റുവിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുന്നെന്നും കഴിഞ്ഞദിവസം അധ്യാപകൻ രക്ഷിതാക്കളെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു.
തുടർന്ന് രക്ഷിതാക്കൾ ഉദയ്യെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഇയാൾ വടിവാളുമായി ക്ലാസിലെത്തിയത്.
മറ്റുവിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു ഉദയ്യുടെ ഭീഷണി.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മറ്റൊരധ്യാപകൻ പോലീസിൽ വിവരമറിയിച്ചു.
പോലീസെത്തി കോളേജ് പരിസരത്തുനിന്ന് ഉദയ്യെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
അതേസമയം, വിദ്യാർഥികൾ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.