Read Time:1 Minute, 16 Second
ന്യൂഡൽഹി: ഗഗൻയാന് ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ വനിതാ റോബട്ട് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്രസിങ്.
ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്ര നടത്തും. തുടർന്ന് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘മഹാമാരി കാരണം ഗഗൻയാൻ പദ്ധതി വൈകി. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യയാത്ര ഒക്ടോബർ ആദ്യം നടത്താൻ ആസൂത്രണം ചെയ്യുകയാണ്.
ബഹിരാകാശ യാത്രികരെ അങ്ങോട്ട് അയയ്ക്കുന്നതു പോലെ തന്നെ അവരെ തിരികെ കൊണ്ടുവരുന്നതും ഏറെ പ്രധാനമാണ്.
പിന്നീട് വനിതാ റോബോർട്ടിനെ അയക്കും. മനുഷ്യരുടെ പ്രവർത്തനങ്ങളെല്ലാം ഈ റോബട് നടത്തും. ഈ പരീക്ഷണം വിജയകരമാണെങ്കിൽ പദ്ധതിയുമായി നമുക്ക് മുന്നോട്ടു പോകാം.’’– അദ്ദേഹം വ്യക്തമാക്കി.