ബെംഗളൂരു: ബഹിരാകാശ ചരിത്രം തിരുത്തിയ 14 ദിവസത്തെ ചന്ദ്ര പര്യവേക്ഷണത്തിന് ശേഷം ചന്ദ്രയാൻ മൂന്നിലെ വിക്രം ലാൻഡർ നിദ്രയിലായി.
ചന്ദ്രനിൽ രാത്രി ആരംഭിച്ചതോടെ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ലാൻഡർ നിദ്രയിലേക്ക് (സ്ലീപ്പിംഗ് മോഡ്) മാറിയത്.
ലാൻഡറിലെ ലേസർ റെട്രോറിഫ്ലക്ടർ ആറേ (എൽ.ആർ.എ) ഒഴികെയുള്ള മുഴുവൻ ഉപകരണങ്ങളുടെയും പ്രവർത്തനം നിർത്തിവെച്ചതായും ലേസർ റെട്രോറിഫ്ലക്ടർ ആറേയുടെ പ്രവർത്തനം ആരംഭിച്ചതായും ഐ.എസ്.ആർ.ഒ അറിയിച്ചു.
സെപ്റ്റംബർ 22ന് ലാൻഡറും റോവറും ഉണരുമെന്നാണ് പ്രതീക്ഷ.
ചന്ദ്രനിലെ ഒരു പകൽക്കാലമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറും റോബോട്ടിക് വാഹനമായ റോവറും പര്യവേക്ഷണം നടത്തിയത്.
സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിച്ചിരുന്നത്. ഊർജം ലാഭിക്കാനും ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കാനുമാണ് ലാൻഡറിനെയും റോവറിനെയും സ്ലീപ്പിംഗ് മോഡിലേക്ക് മാറ്റിയത്.
അതേസമയം, ലാൻഡിലെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ലേസർ റെട്രോറിഫ്ലക്ടർ അറേ (എൽ.ആർ.എ) എന്ന ഉപകരണമാണ് ഉണർന്നിരിക്കുന്നത്.
ലാൻഡറും റോവറും നിദ്രയിലായതോടെ എൽ.ആർ.എ പ്രവർത്തനം ആരംഭിക്കും. ചന്ദ്രരാത്രികളിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്താൻ എൽ.ആർ.എ സഹായിക്കും.