ബെംഗളൂരു : കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്നസ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കി കർണാടകവും തമിഴ്നാടും.
സംസ്ഥാന അതിർത്തിപങ്കിടുന്ന ചാമരാജ്നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലാണ് നിരീക്ഷണം ശക്തമാക്കിയത്.
അടുത്തിടെ കോഴിക്കോട് സന്ദർശിക്കുകയും നിപ രോഗിയുമായി നേരിട്ട് ബന്ധം പുലർത്തുകയുംചെയ്ത പനിയുള്ള വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു.
ചാമരാജ്നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലെ ആരോഗ്യ ഉദ്യോഗസ്ഥരുമായി സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈൻയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
കേരളത്തിൽ നിന്നു വരുന്ന ചരക്കു വാഹനങ്ങൾ പരിശോധിക്കാൻ പ്രത്യേക ചെക്പോസ്റ്റുകൾ സ്ഥാപിക്കാൻ ദക്ഷിണ കന്നഡ ജില്ലാഭരണകൂടം പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.