തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ തുക്കുഗുഡയിൽ ഞായറാഴ്ച നടന്ന കൂറ്റൻ കോൺഗ്രസ് റാലിയിയ്ക്കായി സ്ഥാപിച്ച ബാനറുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടിയിരിക്കുന്നത്.
വേദിയിൽ സ്ഥാപിച്ച ബാനറുകളിൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഭാരതമാതാവായിട്ടാണ് ചിത്രീകരിച്ചിരുന്നത്.
സോണിയ ഗാന്ധിയ്ക്ക് പുറമെ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെയും മറ്റ് പാർട്ടി നേതാക്കളുടെയും ചിത്രങ്ങളും ഈ ബാനറിൽ സ്ഥാപിച്ചിരുന്നു.
റാലിയ്ക്കൊപ്പം ഹൈദരാബാദിൽ കോൺഗ്രസ് എക്സിക്യൂട്ടീവ് യോഗവും സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലകാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ കൂടാതെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷൻമാരും നിയമസഭാ കക്ഷി നേതാക്കളും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
എന്നാൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ഭാരത് മാതാവായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായാണ് ഇപ്പോൾ ബിജെപി രംഗത്ത് വന്നിരിക്കുന്നത്.
തെലങ്കാനയിലാണ് സോണിയ ഗാന്ധിയെ ഭാരത മാതാവായി ചിത്രീകരിക്കുന്ന കട്ടൗട്ടുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസുകാരുടെ ഭാഗത്ത് നിന്നുണ്ടായ നീക്കം അങ്ങേയറ്റം ലജ്ജാകരമാണെന്ന് ബിജെപി വിമർശിച്ചു.
ഭാരത മാതാവിനെ അപമാനിക്കുന്നത് കോൺഗ്രസിന്റെ ശീലമാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ഭാരത് മാതാ കീ ജയ് എന്ന് പറയുന്നത് അച്ചടക്കത്തിന് എതിരാണെന്നാണ് ആരാധനാ മിശ്രയെ പോലെയുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഭാരത് മാതാ കീ ജയ് എന്നല്ല സോണിയ മാതാ കീ ജയ് എന്ന് പല കോൺഗ്രസ് നേതാക്കളും പറഞ്ഞിട്ടുണ്ട്.
സോണിയാ ഗാന്ധിയെ ഭാരത് മാതാവിനോട് ഉപമിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം അങ്ങേയറ്റം ലജ്ജാകരമാണ്.
രാജ്യത്തെക്കാളും ജനങ്ങളെക്കാളും അവർക്ക് വലുത് എന്താണെന്ന് ഇതിലൂടെ തെളിയിക്കുകയാണെന്നും ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.
തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. ഇതിന്റെ യോഗത്തിന് പിന്നാലെയാണ് സോണിയാ ഗാന്ധിയെ ഭാരത മാതാവായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ പലയിടത്തും പ്രത്യക്ഷപ്പെട്ടത്.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയപരിധി അടുത്തുവരികയാണ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് ബിൽ അവതരിപ്പിച്ചാൽ, രാഷ്ട്രീയ ഭൂപ്രകൃതി തന്നെ മാറുന്നതാണ്.
ഈ സംഭവവികാസങ്ങൾക്കിടയിളാണ്, തെലങ്കാനയിൽ അധികാരത്തിലെത്താൻ കർണാടക മോഡൽ ഫോർമുല കോൺഗ്രസ് കൊണ്ടുവന്നിരിക്കുന്നത്.
കർണാടകയിൽ പാർട്ടിയെ അധികാരത്തിലെത്തിച്ച പദ്ധതികളും ഇവിടെ പ്രഖ്യാപിച്ചു.
ആറ് ഉറപ്പ് പദ്ധതികളാണ് കോൺഗ്രസ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇതിൽ ഏറ്റവും പ്രധാനം തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്ത്രീകൾക്ക് ആർടിസി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചു എന്നതാണ്.
തുക്കുഗുഡയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സോണിയ ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.