ബെംഗളൂരു: വിവാഹ വാഗ്ദാനം നല്കി മതം മാറ്റാന് നിര്ബന്ധിച്ച് പീഡിപ്പിച്ചുവെന്ന കേസില് സോഫ്റ്റ് വെയര് എന്ജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു.
ജമ്മു കശ്മീരിലെ ശ്രീനഗര് സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനുമായ മൊഗില് അഷ്റഫ് ബേയ്ഗ് ആണ് അറസ്റ്റിലായത്.
നഗരത്തിലെ തന്നെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയായാണ് പരാതിക്കാരി.
പരാതിക്കാരിയുമായി 2018 മുതല് അടുപ്പത്തിലായിരുന്നു മോഗില്.
ലിവിങ് ടുഗതറിലായിരുന്ന ഇരുവരും രജിസ്റ്റര് വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നുവെന്നും എന്നാല്, പിന്നീട് യുവാവിന്റെ മതത്തിലേക്ക് യുവതിയെ മതമാറ്റാന് നിര്ബന്ധിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
വിവാഹ ചെയ്യുമെന്ന് പറഞ്ഞ് യുവതിയെ ലൈംഗിക ബന്ധത്തിന് യുവാവ് നിര്ബന്ധിക്കുകയും ചെയ്തെന്നാണ് പരാതി.
ഫോണിലൂടെ യുവാവിന്റെ സഹോദരന് ഫോണില് വിളിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പീഡനത്തിനിരയായെന്നും മതമാറ്റത്തിന് നിര്ബന്ധിക്കപ്പെട്ടതായും വെളിപ്പെടുത്തികൊണ്ട് യുവതി എക്സ് പ്ലാറ്റ്ഫോമില് കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
താന് ‘ലൗജിഹാദി’നും പീഡനത്തിനും നിര്ബന്ധിത മതമാറ്റത്തിനം ഇരയായെന്നും തന്റെ ജീവന് അപകടത്തിലാണെന്നും യുവതി എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പില് ആരോപിച്ചു.
യുവതിയുടെ പരാതിയെ തുടർന്ന് ബെലന്ദൂര് പോലീസ് സെപ്റ്റംബര് ഏഴിനാണ് കേസെടുക്കുന്നത്.
സംഭവം നടന്ന സ്ഥലം മറ്റൊരിടത്തിലായതിനാല് ഹെബ്ബാഗൊഡി പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു.