ബംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ “സാഹിത്യത്തിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയം ഐക്യം ആണ് സാഹിത്യം. അതുകൊണ്ട് സാഹിത്യകാരൻ പലപ്പോഴും ഭരണത്തിൻ്റെയും, രാഷ്ട്രീയ അധികാരത്തിൻ്റെയും ഭരണ ഉന്മത്തതയുടെയും എതിരെയാണ് നിലകൊള്ളുന്നത്. അനീതികൾക്കെതിരെ നിഷ്പക്ഷത പാലിക്കുന്ന സാഹിത്യകാരൻ എപ്പോഴും അനീതിയുടെ പക്ഷത്തു തന്നെയായിരിക്കും.
ചവിട്ടി താഴ്ത്തപ്പെടുന്നവരുടെ പക്ഷത്തുനിന്നു കൊണ്ടുള്ള ഹൃദയപക്ഷത്തെ പറ്റിയും, നീതിപക്ഷത്തെ പറ്റിയും തിരിച്ചറിവ് മനുഷ്യഹൃദയത്തിലുണ്ടാക്കുന്ന പ്രകൃതിയാണ് സാഹിത്യവും, സർഗ്ഗാത്മകതയുമെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു.
അധികാര സ്വരൂപങ്ങളുടെ അടക്കിപിടിക്കുവാനുള്ള കല്പനകൾക്കെതിരെ കവിളും, കഥാകാരന്മാരുമടങ്ങുന്ന സാഹിത്യകാരന്മാരുടെ കല്പന അവരറിയാതെ തന്നെ പ്രവർത്തിക്കുന്നുണ്ട്.
ലോക സമാധാനത്തിനുവേണ്ടി ദുർമൂർത്തികളായ അധികാരികൾക്കെതിരെ ധാർമികതയുടെ വിജയം ഉദ്ഘോഷിക്കുന്ന കവിതകൾ വാൽമീകിയുടേതായാലും, കുമാരനാശാൻ്റെതായാലും, മറ്റ് ഇന്ത്യൻ, ലോക മഹാകവികളുടേതായാൽ പോലും അധികാരം അതിന്റെ ഹിംസാത്മകമായ ആവശ്യങ്ങൾ എങ്ങനെ മാറ്റിമറിക്കുന്നു എന്നത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹിത്യകാരന്മാരായ സുധാകരൻ രാമന്തളി, ആർ. വി. ആചാരി, ഡെന്നീസ് പോൾ, മുഹമ്മദ് കുനിങ്ങാട്, സതീഷ് തോട്ടശ്ശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സമാജം പ്രസിഡൻറ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷൻ വഹിച്ചു.
സെക്രട്ടറി പ്രദീപ് സ്വാഗതവും, ട്രഷറർ ശിവദാസ്. ഇ നന്ദിയും പറഞ്ഞു.
ശ്രുതിലയം ഒരുക്കിയ കരോക്കെ ഗാനമേളയും അരങ്ങേറി.