ചെന്നൈ: കവേരി നദീജല തര്ക്കത്തെ തുടർന്ന് ബെംഗളൂരുവില് ബന്ദ് തുടരുന്നതിനിടെ തമിഴ്നാട്ടിലും പ്രതിഷേധവുമായി കര്ഷകര്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില് കര്ഷകര് വായില് ചത്ത എലിയെ തിരുകി പ്രതിഷേധിച്ചു.
നാഷണല് സൗത്ത് ഇന്ത്യൻ റിവര് ഇന്റര്ലിങ്കിങ് ഫാര്മേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അയ്യക്കണ്ണിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കാവേരി തടത്തിലെ നിലവിലെ വിള നശിക്കാതിരിക്കാൻ കര്ണാടക കൂടുതല് വെള്ളം അനുവദിക്കണമെന്നാണ് കര്ഷകരുടെ ആവശ്യം.
കഴിഞ്ഞ ദിവസം ഇതേ കര്ഷകര് കൈയില് മണ്ചട്ടിയേന്തി പ്രതിഷേധിച്ചിരുന്നു.
അര്ധനഗ്നരായി മണ്ചട്ടി കൈയിലേന്തിയായിരുന്നു അയ്യക്കണ്ണന്റെ തന്നെ നേതൃത്വത്തിലുള്ള കര്ഷകര് തിങ്കളാഴ്ച പ്രതിഷേധിച്ചത്.
ഇതിനുപുറമേ മറീന ബീച്ചില് പ്രതിഷേധപ്രകടനം നടത്തിയ കര്ഷക നേതാവ് പി.ആര്. പാണ്ഡ്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തഞ്ചാവൂരില് കര്ഷകരുടെ റോഡ് ഉപരോധവും ഉണ്ടായിരുന്നു.