ബെംഗളൂരു: കർണാടകയുടെ ലോക പൈതൃക സ്ഥലമായ വിജയനഗര രാജവംശത്തിന്റെ ഹംപിക്ക് ഇനി മറ്റൊരു തൂവൽ കൂടി. രാജ്യത്തെ മികച്ച വിനോദസഞ്ചാര ഗ്രാമമായി ഹംപിയെ കേന്ദ്ര വിനോദ സഞ്ചാര മന്ത്രലയം തിരഞ്ഞെടുത്തു.
ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളും സംസ്കാരവും മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന് കൂടുതൽ ഫണ്ട് ലഭിക്കാനും ഇത് സഹായിക്കും. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.
മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ നോഡൽ ഏജൻസിയും റൂറൽ ടൂറിസവും റൂറൽ ഹോംസ്റ്റേയും ചേർന്ന് സംഘടിപ്പിച്ച മികച്ച ടൂറിസം വില്ലേജ് മത്സരം-2023 പതിപ്പിന്റെ ഭാഗമായിരുന്നു യുനെസ്കോ സംരക്ഷിത സൈറ്റ്.
31 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച 795 അപേക്ഷകളിൽ ഒന്നായി ഹംപി തിരഞ്ഞെടുക്കപെട്ടതെന്ന് മന്ത്രി എച്ച്.ക.പാട്ടീൽ അറിയിച്ചു. ഇത് അഭിമാന നിമിഷമാണെന്ന് കർണാടക ടൂറിസം, നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്കെ പാട്ടീൽ പറഞ്ഞു. ന്യൂഡൽഹിയിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ അവാർഡ് ഏറ്റുവാങ്ങി.