ബെംഗളൂരു: സംസ്ഥാനത്തെ എഴുത്തുകാര്ക്കും ചിന്തകര്ക്കും രണ്ടുവര്ഷമായി ഭീഷണി നിറഞ്ഞ ഊമക്കത്തുകള് അയച്ച സംഭവത്തില് തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്ത്തകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ദാവൻഗരെയിലെ ശിവാജി റാവു ജാദവാണ് (41) പിടിയിലായത്. ഇയാള് ദാവൻഗരെ മേഖലയിലെ വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ഹിന്ദു ജാഗരണ് വേദികെയുടെ ഭാരവാഹിയാണെന്ന് പോലീസ് പറഞ്ഞു.
അന്ധവിശ്വാസങ്ങള് അടിസ്ഥാനമാക്കിയുള്ള പ്രവര്ത്തനങ്ങള്ക്കെതിരെയും ആചാരങ്ങള്ക്കെതിരെയും വിമര്ശനം ഉന്നയിച്ച എഴുത്തുകാര്ക്കാണ് ഇയാള് വിവിധ ജില്ലകളിലെ വ്യത്യസ്ത പോസ്റ്റ് ഓഫിസുകള് വഴി ഭീഷണിക്കത്തുകള് അയച്ചത്. നിരവധി പേര്ക്ക് ഇത്തരം കത്തുകള് അയച്ചിട്ടുണ്ട്.
എഴുത്തുകാര് മുഖ്യമന്ത്രി സിദ്ധരാമയ്യയെക്കണ്ട് പരാതി ഉന്നയിച്ചതിനെ തുടര്ന്നാണ് പോലീസ് മേധാവി അലോക് മോഹന്റെ നിര്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്.
ഏഴു പരാതികള് പോലീസിന് ലഭിച്ചിരുന്നു. പ്രതി 13 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.
മറ്റാര്ക്കെങ്കിലും പങ്കുണ്ടോ എന്നും ഇയാള്ക്ക് സംഘടനാപരമായ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.