ബെംഗളൂരു : ബെളഗാവിയിലെ ഗോഗക്കിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി.
സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തതായും ഒരാളെ കണ്ടെത്താൻ അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.
ഗോഗക് സ്വദേശികളായ രമേഷ് ഉദ്ദപ്പ ഖിലാരി, ദുർഗപ്പ സോമലിംഗ വഡ്ഡാർ, യല്ലപ്പ സിദ്ദപ്പ ഗിസ്നിംഗവാഗൽ, കൃഷ്ണപ്രകാശ് പൂജാരി, രാംസിദ്ധ ഗുരുസിദ്ധപ്പ തപസി എന്നിവരാണ് അറസ്റ്റിലായത്.
ഇതിൽ ദുർഗപ്പ സോമലിംഗ വഡ്ഡാർ, യല്ലപ്പ സിദ്ദപ്പ ഗിസ്നിംഗവ്വാഗൽ, കൃഷ്ണപ്രകാശ് പൂജാരി, രാംസിദ്ധ ഗുരുസിദ്ധപ്പ തപസി എന്നിവരെ കഴിഞ്ഞ 18-ന് കവർച്ചക്കേസിൽ പോലീസ് പിടികൂടിയതായിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ട ബലാത്സംഗത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് യുവതിയെ പോലീസ് കണ്ടെത്തി. പോലീസ് നിർദേശമനുസരിച്ച് യുവതി നൽകിയ പരാതിയിൽ പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പിന്നീട് കേസിലെ ഒന്നാം പ്രതിയായ രമേഷ് ഉദ്ദപ്പ ഖിലാരിയെയും അറസ്റ്റ് ചെയ്തു.
ബസവരാജ് വസന്ത് ഖിലാരി ഒളിവിലാണ്. ഇയാളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായ അഞ്ചുപേരും.
സെപ്റ്റംബർ അഞ്ചിനാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായതെന്ന് പോലീസ് പറഞ്ഞു.
ഗോഗക് ടൗണിൽ സാധനങ്ങൾ വാങ്ങാൻ ആൺസുഹൃത്തിനൊപ്പമെത്തിയതായിരുന്നു യുവതി. യുവതിയെ പരിചയമുണ്ടായിരുന്ന ബസവരാജ് ഖിലാരി യുവതിയെയും സുഹൃത്തിനെയും ചായകുടിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി.
തുടർന്ന് ഇവരെ മുറിയിൽ പൂട്ടിയിടുകയും മറ്റ് പ്രതികളെ വിളിച്ചുവരുത്തുകയുമായിരുന്നു.
തുടർന്ന് യുവതിയുടെയും സുഹൃത്തിന്റെയും ചിത്രങ്ങൾ ഫോണിൽ പകർത്തി.
ഇതുകാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന രണ്ടായിരം രൂപയും കമ്മലും കവർന്നു.
എ.ടി.എം. കാർഡ് കൈവശപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നും പോലീസ് പറഞ്ഞു.