Read Time:1 Minute, 23 Second
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് സംഘർഷമുണ്ടായത്.
അക്രമകാരികൾ രണ്ട് വീടുകൾ തീവെച്ച് നശിപ്പിച്ചു. പോലീസ് നിരവധി തവണ വെടിവെച്ചതായാണ് റിപ്പോർട്ട്.
രാവിലെ 10 മണിയോടെ കെയ്തെലാൻബി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഘർഷമുണ്ടായത്.
സുരക്ഷാസേനയും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്.
സംഘർഷത്തെ തുടർന്ന് സ്ത്രീകളുടെ ഒരു സംഘം പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും സുരക്ഷാസേന ഇടപ്പെട്ട് ഇവരെ ശാന്തരാക്കി.
അധിക സേനയെ വിന്യസിച്ച് പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു.
മണിപ്പൂരിൽ നടന്ന വംശീയ സംഘർഷത്തിൽ ഇതുവരെ 180 പേരാണ് കൊല്ലപ്പെട്ടത്.
നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മേയ് മൂന്നിന് നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചിനെ തുടർന്നാണ് മണിപ്പൂരിൽ സംഘർഷം ഉടലെടുത്തത്.