ബെംഗളൂരു : ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യൻ അറസ്റ്റിൽ.
പുതിയങ്ങാടി കൊരണി വയൽ അനഗേഷിനെയാണ് (24) ബെംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്ന് ഡി.സി.പി കെ.ഇ. ബൈജുവിന്റെ കീഴിലെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പും സബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.
2020 നവംബറിൽ ചേവായൂർ പോലീസും ഡൻസാഫും ചേർന്ന് 16 കിലോ കഞ്ചാവ് പാറോപ്പടിയിലെ മുറിയിൽ നിന്ന് പിടികൂടിയിരുന്നു.
ഈ മുറി അനഗേഷ് വാടകക്കെടുത്തതായിരുന്നു. കേസിൽ നാലുപേർ അറസ്റ്റിലായെങ്കിലും അന്ന് അനഗേഷ് പോലീസിനെ വെട്ടിച്ച് മുങ്ങി.
പിന്നീട് ഇയാളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തെങ്കിലും ഉടമാവകാശം സഹോദരന്റെ പേരിലേക്ക് മാറ്റി ബൈക്ക് സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി.
പിന്നീടൊരിക്കൽ പിടികൂടാൻ ചെന്നപ്പോൾ പോലീസിനുനേരെ നായെ അഴിച്ചുവിട്ടും ഇയാൾ രക്ഷപ്പെട്ടു.
മാസങ്ങൾക്കുമുമ്പ് ഇയാളെ അന്വേഷിച്ച് ബെംഗളൂരുവിലെത്തിയെങ്കിലും പോലീസിനെ കണ്ട് ഇയാൾ കാറിൽ രക്ഷപ്പെട്ടു.
അതിനുശേഷം സ്ഥിരമായി ഒരുസ്ഥലത്ത് തങ്ങാതെ പലയിടങ്ങളിൽ സംഘാംഗങ്ങളുടെ കൂടെ മാറിമാറി താമസിക്കുകയായിരുന്നു.
അതിനിടെ രക്ഷപ്പെടാനുപയോഗിച്ച കാർ പിന്നീട് കാമുകിയുടെ സഹോദരനും സുഹൃത്തും നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
പോലീസ് സാന്നിധ്യമറിയിക്കാൻ പല സ്ഥലങ്ങളിലും ലഹരിക്കടിമകളായ നിരവധി യുവാക്കളെ ഇയാൾ നിയമിച്ചിരുന്നു.
നേരത്തേ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ഇയാൾ തിരുപ്പതി, മുംബൈ, ഹിമാചൽപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു.
ഇയാളുടെ സംഘത്തിൽപെട്ട ചിലർ കോഴിക്കോട് കേന്ദ്രീകരിച്ച് രാസലഹരി വിപണനം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരുകയാണ്.
കൂടാതെ ഫോൺ പരിശോധിച്ചതിൽ കണ്ട പണമിടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.