ബെംഗളൂരു: തനിക്ക് ശരിയായ ഉത്തരങ്ങൾ എന്ന് തോന്നിയതിന് മാർക്ക് കുറഞ്ഞതിൽ പ്രകോപിതനായി ആറാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപികയുടെ കുപ്പിവെള്ളത്തിൽ കാലഹരണപ്പെട്ട ഗുളികകൾ കലർത്തിയതായി പോലീസ് പറഞ്ഞു.
ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം.
വെള്ളം കുടിച്ച അധ്യാപികയ്ക്കും സഹപ്രവർത്തകയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടി ഒരു സഹപാഠിയോടൊപ്പം കുപ്പിവെള്ളത്തിൽ ഗുളികകൾ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
കണക്ക് അധ്യാപികയോടുള്ള പ്രതികാര നടപടിയായാണ് ഇത് ചെയ്തതെന്ന് പെൺകുട്ടികൾ തങ്ങളുടെ കുറ്റം സമ്മതിച്ചു.
അവളുടെ വീട്ടിൽ നിന്നാണ് ഗുളികകൾ കൊണ്ടുവന്നത്. അർദ്ധ വാർഷിക പരീക്ഷയിൽ ശരിയായ ഉത്തരത്തിന് പോലും കുറഞ്ഞ മാർക്ക് ലഭിച്ചതിനാൽ താനും സഹപാഠിയും ഇത്തരമൊരു പ്രവൃത്തി ചെയ്തത്’, ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ഭക്ഷണത്തിനിടെ വെള്ളം കുടിച്ച ഗണിതശാസ്ത്ര അധ്യാപികയ്ക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടപ്പോൾ അതേ കുപ്പിയിൽ നിന്ന് കുടിച്ച മറ്റൊരു അധ്യാപികയ്ക്ക് മുഖത്ത് വീക്കവും അനുഭവപ്പെട്ടു.
സ്റ്റാഫ്റൂമിലെ മറ്റ് അധ്യാപകർ കുപ്പിവെള്ളത്തിൽ അലിയാത്ത ഗുളികകളും പ്രത്യേക ദുർഗന്ധവും കണ്ടതിനെ തുടർന്ന് അധ്യാപകരെ ഉടൻ തന്നെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഹെഡ്മാസ്റ്റർ പറഞ്ഞു.
വിദ്യാർത്ഥിനികളുടെ ഭാവിക്ക് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും കൗൺസിലിംഗിന് നിർദ്ദേശിച്ചതായും മംഗളൂരു പോലീസ് കമ്മീഷണർ അറിയിച്ചു.