മലപ്പുറം: കോണിക്കല്ലിൽ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി.
വിഗ്രഹം മോഷ്ടിച്ച ശേഷം ചുമരിൽ മിന്നൽ മുരളി എന്നെഴുതിയാണ് സ്ഥലം വിട്ടത്.
മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്ത മഞ്ചേരി പോലീസ് മിന്നൽ മുരളി ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ്.
ഇന്ന് രാവിലെയാണ് മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിൽ മോഷണം നടന്നത് വ്യക്തമായത്. ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെത്തിയ പരികർമിയാണ് ക്ഷേത്രത്തിൻറെ വാതിലുകൾ തുറന്ന് കിടക്കുന്നത് കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രധാന ശ്രീകോവിലിലെ പഞ്ച ലോഹ വിഗ്രഹം മോഷ്ടിച്ചതായി കണ്ടെത്തി.
ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലും മോഷ്ടാവ് കയറി. ഇവിടെ മോഷണം നടന്നില്ലെങ്കിലും പൂജക്കുപയോഗിക്കുന്ന നെയ്യുപയോഗിച്ച് ചുമരിൽ മിന്നൽ മുരളി എന്നെഴുതി.
ഇതിന് ശേഷമാണ് കള്ളൻ സ്ഥലം വിട്ടത്. നഷ്ടപ്പെട്ട പഞ്ച ലോഹ വിഗ്രഹത്തിന് ഒരു ലക്ഷം രൂപ വരുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ശ്രീകോവിലിനുള്ളിലെ സ്വർണ്ണമാല നഷ്ടപ്പെട്ടില്ല. വിരലടയാള വിദഗ്ധരുൾപ്പെടെ പരിശോധന നടത്തി. മഞ്ചേരി ഇൻസ്പെക്ടറുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.