ബെംഗളൂരു: രാജവെമ്പാലയ്ക്കൊപ്പം കാറിൽ 80 കിലോ മീറ്റർ യാത്ര ചെയ്തതിൽ നിന്നും ഞെട്ടൽ മാറാതെ കുടുംബം.
കാറില് പത്തടി നീളമുള്ള കൂറ്റന് രാജവെമ്പാലയ്ക്കൊപ്പമാണ് കുടുംബം യാത്ര ചെയ്തത്.
കാര് നിര്ത്തിയ സമയത്ത് പൂച്ചയുടെ അസാധാരണ കരച്ചില് കേട്ട് ശ്രദ്ധിച്ചപ്പോഴാണ് കാറിന്റെ പിന്നില് രാജവെമ്പാലയെ കണ്ടത്.
ബൂട്ടിന് താഴെ പിന്നിലെ വീലില് ചുറ്റിയ നിലയിലായിരുന്നു രാജവെമ്പാല.
തുടര്ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര് എത്തിയാണ് പാമ്പിനെ കാറില് നിന്ന് പുറത്തേയ്ക്ക് എടുത്തത്.
ഉത്തര കനഡ ജില്ലയില് ജോയ്ഡ താലൂക്കിലെ ജഗല്പേട്ട് എന്ന സ്ഥലത്ത് ഞായറാഴ്ചയായിരുന്നു സംഭവം.
ഗോവ കാസ്റ്റില് റോക്ക്- ദൂത് സാഗര് മേഖലയിലെ വീട്ടില് നിന്ന് ജഗല്പേട്ടിലെ ബന്ധുവീട്ടിലേക്ക് പോകാനാണ് ബന്ധുക്കളായ നാലുയുവാക്കള് കാറില് കയറിയത്.
യാത്രയ്ക്കിടെ ദത്താത്രേയ ക്ഷേത്രത്തില് ദര്ശനം നടത്തുന്നതിനായി കാര് നിര്ത്തി.
ഇതിനോടകം കാറില് പാമ്പ് ഉള്ളത് അറിയാതെ 80 കിലോമീറ്റര് ദൂരമാണ് ഇവര് സഞ്ചരിച്ചത്.
തുടര്ന്ന് ബന്ധുവീട്ടില് എത്തിയ സംഘം കാറില് നിന്ന് ഇറങ്ങി ബന്ധുക്കളുമായി സംസാരിക്കാന് തുടങ്ങി.
അതിനിടെയാണ് കാറിന്റെ സമീപത്ത് നിന്ന് പൂച്ചയുടെ കരച്ചില് കേട്ടത്.
ഈസമയത്ത് കാറിന്റെ പിന്നില് നിന്ന് അസാധാരണ ശബ്ദം കേട്ട സംഘം ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ട് ഞെട്ടിയത്.
ബൂട്ടിന് താഴെ പിന്നിലെ വീലില് ചുറ്റിയിരിക്കുന്ന നിലയിലായിരുന്നു രാജവെമ്പാല. ഉടന് തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
കാറില് നിന്ന് പുറത്തെടുത്ത പാമ്പിനെ തൊട്ടടുത്തുള്ള കാട്ടില് തുറന്നുവിട്ടു.