കൊല്ലം: ബെംഗളൂരുവിൽ നിന്നെത്തിയ ആഡംബര ബസ്സിൽ കൊട്ടിയത്ത് ഇറങ്ങുന്നതിനിടെ ലക്ഷങ്ങൾ വിലവരുന്ന 71 ഗ്രാം എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാർഥി പോലീസ് പിടിയിലായി.
കോഴിക്കോട് പൂനൂർ കിഴക്കോത്ത് പുതുപറമ്പിൽ വീട്ടിൽ പി.പി. നൗഫൽ (28) ആണ് അറസ്റ്റിലായത്.
ഇയാൾ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെ ആറോടെ കൊട്ടിയം ജങ്ഷനിൽ വച്ചാണ് നൗഫൽ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ നൗഫലിനെ കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിച്ചപ്പോഴാണ് മാരക ലഹരി വസ്തു കണ്ടെടുത്തത്.
ബെംഗളൂരുവിൽ നിന്ന് വലിയ അളവിൽ ലഹരി കടത്തിക്കൊണ്ടു വന്ന് വിദ്യാർഥികൾക്കിടയിൽ വിൽക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറയുന്നു.
നൗഫലിനെ ഒമ്പത് മണിയോടെ കൊട്ടിയം സ്റ്റേഷനിലെത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.