ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും സ്പിൻ ഇതിഹാസവുമായ ബിഷങ് സിങ് ബേദി അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മേൽവിലാസമുണ്ടാക്കിത്തന്ന താരങ്ങളിലൊരാളാണ് ബേദി.
1967ൽ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളിൽനിന്ന് 266 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
പത്ത് ഏകദിനങ്ങൾ കളിച്ച് ഏഴു വിക്കറ്റും പിഴുതിട്ടുണ്ട്. പഞ്ചാബിലാണു ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടി കളിച്ചാണു ശ്രദ്ധ നേടുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയുടെ റെക്കോർഡും ബേദിയുടെ പേരിലാണ്. 370 മത്സരങ്ങളിൽ നിന്നായി 1,560 വിക്കറ്റുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്.
ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിലും നിർണായക പങ്കുവഹിക്കാൻ അദ്ദേഹത്തിനായി.
1946 സെപ്റ്റംബർ 25ന് അമൃത്സറിലാണ് ബേദിയുടെ ജനനം. 1967 മുതൽ 1979 വരെ ഒരു പതിറ്റാണ്ടിലേറെ കാലമാണ് ഇന്ത്യയ്ക്കു വേണ്ടി പന്തെറിഞ്ഞത്.