ബെംഗളൂരു: വന്ദേ ഭാരത് എക്സ്പ്രസിന് കേരളത്തിൽ മൂന്നാമത്തെ സർവീസ് ഉടൻ ഉണ്ടാകും.
ചെന്നൈ, കൊച്ചി, ബംഗളൂരു എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ എല്ലാ വ്യാഴാഴ്ചയും ചെന്നൈയിൽ നിന്ന് സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
റൂട്ടുകളിലെ വാരാന്ത്യ തിരക്ക് കൈകാര്യം ചെയ്യാൻ പ്രതീക്ഷിക്കുന്ന എട്ട് സർവീസുകളാണ് പുതിയ വന്ദേ ഭാരതിന് ഉണ്ടാവുക.
സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും സർവീസ് നടത്തുക.
എറണാകുളം-ബെംഗളൂരു റൂട്ടിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഓടിക്കും. ചെന്നൈ-ബെംഗളൂരു റൂട്ടിൽ രണ്ട് സർവീസുകളുണ്ടാകും.
വ്യാഴാഴ്ച രാത്രി ചെന്നൈയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ 4.00-ന് ബെംഗളൂരുവിലെത്തി 4.30-ന് തിരിച്ച് എറണാകുളത്തേക്ക് പുറപ്പെടും തുടർന്ന് ഉച്ചയ്ക്ക് 1.30ന് എറണാകുളത്തെത്തും. ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് രാത്രി 10.30ന് ബെംഗളൂരുവിലെത്തും.
ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.30-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് എറണാകുളത്തേക്ക് മടങ്ങും.
ഞായറാഴ്ച രാത്രി 11.30ന് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും പുറപ്പെടും.