കാൺപൂർ: പുരികം ഷേപ്പ് ചെയ്തത് ഇഷ്ടപ്പെടാതിരുന്നതോടെ സൗദി അറേബ്യയിൽ നിന്ന് ഭാര്യയെ ഫോൺ വിളിച്ച് മുത്തലാഖ് ചൊല്ലിയാതായി പരാതി.
സംഭവത്തിൽ ഭർത്താവിനെതിരെ ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
2022ലായിരുന്നു പരാതിക്കാരിയായ ഗുൽസൈബ എന്ന യുവതിയും സലീമും വിവാഹിതരാകുന്നത്.
ആഗസ്റ്റ് 30ന് സലീം സൗദിയിലേക്ക് പോയതിന് പിന്നാലെ ഭർതൃവീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.
ഭർത്താവ് പഴയ ഫാഷനുള്ളയാളാണെന്നും തന്റെ ഫാഷനുകൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ലെന്നും ഇത് പലപ്പോഴും വഴക്കിലേക്ക് നയിച്ചിട്ടുണ്ടെന്നും ഗുൽസൈബ പറഞ്ഞു.
ഒക്ടോബർ നാലിന് ഇരുവരും വീഡിയോ കാൾ ചെയ്തിരുന്നു. ഇതിനിടെയാണ് ഗുൽസൈബ പുരികം ഷേപ്പ് ചെയ്തത് സലീമിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
രോമവളർച്ച അധികമായത് മുഖത്തിന് ഭംഗി നൽകുന്നില്ലെന്ന് തോന്നിയത് കൊണ്ടാണ് പുരികം ഷേപ്പ് ചെയ്തതെന്ന ഭാര്യയുടെ മറുപടിക്ക് പിന്നാലെ സലീം രോഷാകുലനാകുകയായിരുന്നു.
തന്റെ അഭിപ്രായത്തെ പരിഗണിക്കാതെ പുരികം ഷേപ്പ് ചെയ്യാൻ പോയത് തെറ്റായെന്നും ഇനി മുതൽ ഈ വിവാഹത്തിൽ നിന്നും മോചിപ്പിക്കുകയാണെന്നും സലീം പറഞ്ഞു.
ഇതിന് പിന്നാലെ മുത്തലാഖ് ചൊല്ലിയ ശേഷം ഫോൺവെക്കുകയായിരുന്നു.
തിരിച്ച് വിളിക്കാൻ ശ്രമിച്ചുവെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതി പോലീസിൽ പരാതി നൽകി.