ബെംഗളൂരു: നഗരത്തിൽ ഖനിവകുപ്പ് ഉദ്യോഗസ്ഥനെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡയറക്ടറായിരുന്ന പ്രതിമ(37)യാണ് മരിച്ചത്.
സംഭവം നടക്കുമ്പോൾ യുവതി വീട്ടിൽ ഒറ്റക്കായിരുന്നു.
അക്രമം നടന്ന ദിവസം രാത്രി എട്ട് മണിക്ക് പ്രതിമയുടെ ഡ്രൈവർ ഇവരെ വീട്ടിൽ കൊണ്ടുവന്ന് വിട്ടിരുന്നു.
എട്ടരയോടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് സൂചന.
സംഭവസമയം ഇവരുടെ ഭർത്താവും മകനും വീട്ടിൽ ഇല്ലായിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്.
ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല.
രാവിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതിമയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊലപാതകത്തിന് പിന്നിൽ പ്രതിമയെ നേരിട്ടറിയാവുന്നവരാകാമെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.