സ്മാർട്ട്ഫോണ് കയ്യിലിലില്ലാത്തവർ ഇപ്പോള് വളരെ ചുരുക്കമാണ്. അതിനാല് തന്നെ ഹാക്കിങ്ങും വിവരച്ചോർച്ചയൊക്കെ സാധാരണ സംഭവമായി മാറിക്കഴിഞ്ഞു.
വെബ്സൈറ്റുകളില് പ്രത്യക്ഷപ്പെടുന്ന പരിചിതമല്ലാത്ത ലിങ്കുകളില് ക്ലിക്ക് ചെയ്യുന്നതിലൂടെയാണ് കൂടുതലായും ഡിവൈസുകള് ഹാക്ക് ചെയ്യപ്പെടുന്നത്.
നിങ്ങള് ഉപയോഗിക്കുന്ന സ്മാർട്ട്ഫോണ് ഹാക്കിങ്ങിന് വിധേയമായോ ഇല്ലയോ എന്നറിയാനുള്ള ചില മാർഗങ്ങള് ഇതാ.
ബാറ്ററി ഡ്രെയിനിങ്
നിങ്ങളുടെ ഫോണിന്റെ ചാർജ് പതിവിലും വേഗത്തില് തീരുന്നുണ്ടോയെന്ന് പരിശോധിക്കുക. എന്തെങ്കിലും വൈറസിന്റേയോ അല്ലെങ്കില് സോഫ്റ്റ്വയറിനെ തകരാറിലാക്കാന് കെല്പ്പുള്ള എന്തെങ്കിലും പ്രോഗ്രാമിന്റെയോ (മാല്വെയർ) സാന്നിധ്യമാകാം ഇതിന് കാരണം.
ഫോണ് ചൂടാകുന്നത്
ദീർഘനേരം ഉപയോഗിക്കുമ്പോള് ഫോണ് ചൂടാകുന്നത് സാധാരണമാണ്. പക്ഷെ ഉപയോഗിക്കാതിരിക്കുമ്പോള് ഫോണ് ചൂടാകുന്നുണ്ടെങ്കില് ശ്രദ്ധിക്കുക. ഹാക്കർമാർക്ക് ഫോണിന്റെ നിയന്ത്രണം ലഭിച്ചതിനാലാകാം ഇത്.
അക്കൗണ്ടുകളിലെ അസാധാരണ പ്രവർത്തനം
ഫെയ്സ്ബുക്ക്, ഇന്സ്റ്റഗ്രാം, എക്സ് തുടങ്ങി നിരവധി അക്കൗണ്ടുകള് നിങ്ങള് ഒരു സ്മാർട്ട്ഫോണില് തന്നെ ലിങ്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ടാകാം. നിങ്ങളറിയാതെ തന്നെ അക്കൗണ്ടുകളില് പോസ്റ്റുകള് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല് അത് തീർച്ചയായും ഹാക്ക് ചെയ്യപ്പെട്ടതിനാലാണ്. ഇത്തരം കാര്യങ്ങള് സംഭവിച്ചുകഴിഞ്ഞാല് ഉടന് തന്നെ അക്കൗണ്ട് സുരക്ഷിതമാക്കുക.
ഫോണിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നത്
എന്തെങ്കിലും മാല്വെയർ ഫോണിലുണ്ടെങ്കില് പ്രവർത്തനം മന്ദഗതിയിലാകും. ഇതോടെ ബാറ്ററിയുടെ ഉപയോഗം വർധിക്കുകയും ചാർജ് വലിഞ്ഞ് പോവുകയും ചെയ്യും.
ഫോണിന്റെ വിചിത്രമായ പ്രവർത്തനം
മാല്വെയറിന്റെ സാന്നിധ്യമുണ്ടെങ്കില് ഫോണിന്റെ പ്രവർത്തനം വിചിത്രമാകും. ആപ്ലിക്കേഷനുകള് ലോഡാകാതെ വരാം, ഫോണ് സ്വയം റീബൂട്ട് ചെയ്യപ്പെടാം, അങ്ങനെ നിരവധി പ്രശ്നങ്ങളുണ്ടാകാം.
തെറ്റായ സന്ദേശങ്ങള്
വൈറസ് മുന്നറിയിപ്പ് നല്കുന്ന തെറ്റായ സന്ദേശങ്ങള് വരാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദേശങ്ങള് പൂർണമായും അവഗണിക്കുക. ഇവയില് ക്ലിക്ക് ചെയ്താല് ഹാക്കർമാർക്ക് ഫോണിലേക്കുള്ള ആക്സസ് ലഭിക്കും.
ഫോണിലെ ആപ്ലിക്കേഷനുകള് ശ്രദ്ധിക്കുക
എപ്പോഴും ഫോണിലെ ആപ്ലിക്കേഷനുകള് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നമുക്ക് പരിചിതമല്ലാത്ത ആപ്ലിക്കേഷനുകളുണ്ടെങ്കില് ഉടന് തന്നെ ഡിലീറ്റ് ചെയ്യുക. ആപ്പ് സ്റ്റോർ, ഗൂഗിള് പ്ലെ സ്റ്റോർ എന്നിവയില് നിന്ന് മാത്രം ആപ്ലിക്കേഷനുകള് ഡൗണ്ലോഡ് ചെയ്യുക.
ഗ്യാലറിയില് പരിചിതമല്ലാത്ത ചിത്രങ്ങള് പ്രത്യക്ഷപ്പെടുന്നത്
പഴയതും അനാവശ്യവുമായ ചിത്രങ്ങള് കഴിവതും ഗ്യാലറിയില് നിന്ന് ഒഴിവാക്കുക. നിങ്ങള്ക്ക് പരിചിതമില്ലാത്ത ചിത്രങ്ങള് ഗ്യാലറിയില് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില് ക്യാമറയുടെ നിയന്ത്രണം മറ്റൊരാള്ക്ക് ലഭിച്ചെന്ന് മനസിലാക്കുക. സമാനമായി ഫോണിന്റെ ഫ്ളാഷ് നിർദേശം കൊടുക്കാതെ തന്നെ ഓണാവുകയാണെങ്കിലും മാല്വെയർ സാന്നിധ്യം സംശയിക്കാവുന്നതാണ്.