മുംബൈ: വീട്ടുജോലിക്കാരിയുടെ മകളെ കാണാതായതിനെ തുടർന്ന് സഹായം അഭ്യർത്ഥിച്ച് നടി സണ്ണി ലിയോണി.
ഒൻപതു വയസുകാരിയായ കുട്ടിയെ കാണാതായി.
കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നും താരം പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിവരം ആരാധകരെ അറിയിച്ചത്.
ബുധനാഴ്ച മുംബൈയിലെ ജോഗേശ്വരിയിൽ നിന്നാണ് കുട്ടിയെ കാണാതാവുന്നത്.
കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും ഉൾപ്പടെ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.
ഇത് അനുഷ്ക, എന്റെ വീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ മകളാണ്.
എട്ടാം തിയതി വൈകിട്ട് ഏഴ് മണി മുതൽ ജോഗേശ്വരി വെസ്റ്റിൽ നിന്ന് കുട്ടിയെ കാണാതായി. 9 വയസാണ്.
അവൾക്കായി തിരച്ചിലിലാണ് മാതാപിതാക്കൾ. അവളെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരുന്നവർക്ക് 11,000 രൂപ പ്രതിഫലം നൽകും. ഇതുകൂടാതെ 50,000 രൂപ ഞാൻ നൽകും.
നിങ്ങളുടെ കണ്ണുകൾ തുറന്ന് ഈ കുഞ്ഞിനെ തിരയൂ.- എന്നാണ് സണ്ണി ലിയോണി കുറിച്ചത്.
കുട്ടിയുടെ വിവരം ലഭിക്കുന്നവർക്ക് കുട്ടിയുടെ അച്ഛനേയോ അമ്മയെയോ ബന്ധപ്പെടുകയോ തനിക്ക് മെസേജ് അയക്കുകയോ ചെയ്യാം എന്നാണ് സണ്ണി ലിയോണി പറയുന്നത്.
താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.