ബെംഗളൂരു: ഭോവി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കന്നഡ ബിഗ് ബോസ് സീസൺ 10 മത്സരാർത്ഥി തനിഷ കുപ്പണ്ടയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
അഖില കർണാടക ഭോവി കമ്മ്യൂണിറ്റിയുടെ സംസ്ഥാന പ്രസിഡൻറ് എ പി പത്മയാണ് ബംഗളൂരുവിലെ കുമ്പൽഗോഡു പോലീസ് സ്റ്റേഷനിൽ എസ്ടി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഷോയ്ക്കിടെ മറ്റൊരു മത്സരാർത്ഥി ഡ്രോൺ പ്രതാപുമായുള്ള സംഭാഷണത്തിനിടെ തനിഷ ‘വഡ്ഡ’ എന്ന വാക്ക് ഉപയോഗിച്ചു.
അത് സമുദായത്തിനെതിരെയുള്ള അപകീർത്തികരമായ പ്രസ്താവനയാണ് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അവൾക്കെതിരെ അട്രോസിറ്റി കേസ് ഫയൽ ചെയ്തത് എന്നും പത്മ പറയുന്നു.
നവംബർ 8 നാണ് ഷോ സംപ്രേക്ഷണം ചെയ്തത്. അവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ വീഡിയോ തെളിവും പോലീസിന് സമർപ്പിച്ചിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് കന്നഡ ബിഗ് ബോസ് മത്സരാർത്ഥികൾ ഭോവി സമുദായത്തിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തുന്നത്.
മുൻ സീസണിലെ മത്സരാർത്ഥിയായിരുന്ന നടൻ സിഹി കഹി ചന്ദ്രു, ഷോയ്ക്കിടെ ‘വഡ്ഡ’ എന്ന വാക്ക് ഉപയോഗിക്കുകയും സമൂഹത്തിൽ നിന്ന് തിരിച്ചടി നേരിട്ടതിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
റിയാലിറ്റി ഷോയിലെ മത്സരാർത്ഥികൾ ഇടയ്ക്കിടെ പ്രശ്നമേഖലയിലേക്ക് അവർ പോലും അറിയാതെയാണ് എത്തിപ്പെടുന്നത്.
ഒക്ടോബറിൽ, കന്നഡ ബിഗ് ബോസ് സീസൺ 10 ലെ മറ്റൊരു മത്സരാർത്ഥിയായ വർത്തൂർ സന്തോഷിനെ, കടുവയുടെ നഖങ്ങൾ പതിഞ്ഞ ലോക്കറ്റ് ധരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.
കോടതി സന്തോഷിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 27ന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം ഷോയിൽ തിരിച്ചെത്തിയത്.