കൊച്ചി: നടൻ വിനായകന്റെ സഹോദരനായ വിക്രമന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.
വല്ലാര്പാടം ഹാള്ട്ടിംഗ് സ്റ്റേഷൻ പെര്മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില് സര്വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് നടപടി.
കഴിഞ്ഞ ദിവസം രാവിലെ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്.
സംഭവത്തെ തുടര്ന്ന് മോശമായാണ് വിക്രമൻ പെരുമാറിയതെന്ന് പോലീസ് പറയുന്നു.
എന്നാല് പോലീസ് മുൻ വൈരാഗ്യത്തോടെയാണ് പെരുമാറിയതെന്ന് വിക്രമൻ ആരോപിച്ചു.
എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് യാത്രക്കാരുമായി വന്നതായിരുന്നു.
അവരെ ഇറക്കിയതിന് പിന്നാലെയായിരുന്നു പോലീസ് എത്തിയത്.
‘നീ വിനായകന്റെ ചേട്ടനല്ലേ ‘ എന്ന് പറഞ്ഞ് പോലീസ് ആക്രോശിച്ചുവെന്നും വിക്രമൻ പ്രതികരിച്ചു.
അതേസമയം വിക്രമന് നേരെ സ്വാഭാവിക നടപടി മാത്രമാണ് എടുത്തിട്ടുള്ളെന്ന് കൊച്ചി സിറ്റി വെസ്റ്റ് ട്രാഫിക്ക് പോലീസ് അറിയിച്ചു.
വിക്രമൻ വളരെ മോശമായാണ് ഉദ്യോഗസ്ഥരോട് പെരുമാറിയത്.
പട്രോളിംഗ് സമയത്ത് വിക്രമന്റെ ഓട്ടോ അടക്കം മറ്റ് മൂന്ന് ഓട്ടോറിക്ഷകള്ക്കും പിഴയടയ്ക്കാൻ ചലാൻ നല്കിയിരുന്നു. എന്നാല് വിക്രമൻ അതിന് തയ്യാറാകാതെ പോലീസിനോട് തട്ടിക്കയറിയതുകൊണ്ടാണ് വാഹനം കസ്റ്റഡിയില് എടുത്തത്.
നിയമവിരുദ്ധമായി വാഹനം പാര്ക്ക് ചെയ്തതിനും പെര്മിറ്റില്ലാത്ത സ്ഥലത്ത് സര്വീസ് നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.