ബെംഗളൂരു: നഗരത്തിൽ നിന്നും ചെന്നൈയിലേക്കു പോകാനായി വിമാനത്തിൽ കയറിയിരുന്ന യാത്രക്കാരെ, മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്നു പറഞ്ഞ് പുറത്തിറക്കി വഞ്ചിച്ചതായി പരാതി.
കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
ചെന്നൈയിലേക്കു പോകാനായി വിമാനത്തിലുണ്ടായിരുന്ന രണ്ട് മുതിർന്ന ആളുകൾ ഉൾപ്പെടെ ആറു യാത്രക്കാരെയാണ്, ഇൻഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫ് പുറത്തിറക്കി വഞ്ചിച്ചതായി പരാതിയിൽ ഉള്ളത്.
ചെന്നൈയിലേക്കു പോകാൻ തയാറായി നിൽക്കുന്ന മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരെ പുറത്തിറക്കിയത്.
എന്നാൽ, ആറു യാത്രക്കാരുമായി ചെന്നൈയിലേക്കു പറക്കുന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം നിമിത്തമാണ് വിമാനം റദ്ദാക്കിയതെന്ന് യാത്രക്കാർ ആരോപിച്ചു.
പുറത്തിറങ്ങിയ ശേഷം ചെന്നൈയിലേക്കു വിമാനം കിട്ടാതിരുന്നതു മൂലം ആറു പേരും സ്വന്തം ചെലവിൽ ഹോട്ടലിൽ മുറിയെടുത്തു തങ്ങേണ്ടി വന്നുവെന്നാണ് ഇവരുടെ ആരോപണം.
ഇവർക്ക് താമസ സൗകര്യം ഏർപ്പെടുത്താൻ പോലും വിമാനക്കമ്പനി അധികൃതർ തയാറായില്ലെന്നു പറയുന്നു.
തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ ചെന്നൈ വിമാനത്തിൽ കയറ്റിവിട്ടത്.