അജ്ഞാതന്റെ ആക്രമണത്തില് നടി വനിത വിജയകുമാറിനു പരിക്ക്.
തനിക്കെതിരെയുണ്ടായ ആക്രമണ സംഭവം നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
പരിക്കേറ്റ് നീരുവന്ന മുഖത്ത് മരുന്ന് പുരട്ടിയിരിക്കുന്ന ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.
തമിഴ് ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ടാണ് ആക്രമണം. ഷോയില് വനിതയുടെ മകള് ജോവിക മത്സരിക്കുന്നുണ്ട്.
നിലവിലെ ബിഗ് ബോസ് മത്സരാര്ഥിയായിരുന്ന പ്രദീപ് ആന്റണി ഷോയില് നിന്ന് പുറത്തുപോകാൻ കാരണം ജോവികയാണെന്നു പറഞ്ഞ് പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണം നടത്തിയതെന്ന് വനിത പറഞ്ഞു.
പുലര്ച്ചെ 1 മണിയോടെയായിരുന്നു സംഭവം. അതിദാരുണമായി എന്നെ ആക്രമിച്ചത് ആരാണെന്നു ദൈവത്തിനു മാത്രമറിയാം.
ഏതോ പ്രദീപ് ആന്റണിയുടെ പിന്തുണക്കാരനാണത്. ബിഗ് ബോസ് തമിഴ്7 റിവ്യൂ ചെയ്ത് കഴിഞ്ഞ്, സഹോദരി സൗമ്യയുടെ വീട്ടില് പാര്ക്ക് ചെയ്തിരുന്ന കാറിന് അടുത്തേക്ക് നടക്കുകയായിരുന്നു.
എവിടെ നിന്നോ ഒരാള് വന്ന്, റെഡ് കാര്ഡ് കൊടുക്കുമല്ലേ എന്ന് പറഞ്ഞ് മുഖത്തിടിച്ച് ഓടിപ്പോയി. എനിക്ക് കഠിനമായി വേദനിച്ചു, മുഖത്തുനിന്ന് ചോരയൊലിച്ചു.
സംഭവം പോലീസിനെ അറിയിക്കാന് ആണ് സഹോദരി പറഞ്ഞതാണ്. പക്ഷേ അതില് എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു.
പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു പോയി. എന്നെ ആക്രമിച്ചവനെ തിരിച്ചറിയാന് കഴിയാത്തതിന്റെ ദേഷ്യമുണ്ട്.
അയാള് ഭ്രാന്തനെ പോലെ ചിരിക്കുന്നത് ഇപ്പോഴും ചെവിയില് മുഴങ്ങുന്നു. സ്ക്രീനില് വരാന് പറ്റിയ അവസ്ഥയിലല്ല. ചെറിയ ഇടവേളയെടുക്കുന്നു എന്നാണ് എക്സില് വനിത കുറിച്ചത്.