ബെംഗളൂരു: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില് കര്ണാടകയിലെ 28 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് കര്ണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി വിജയം നേടിയ പശ്ചാത്തലത്തിലാണ് യെദ്യൂരപ്പയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് വിജയത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദ എന്നിവരെ യെദ്യൂരപ്പ അഭിനന്ദിച്ചു.
ബി.ജെ.പിക്ക് കോണ്ഗ്രസോ മറ്റു പാര്ട്ടികളോ എതിരാളികളല്ലെന്ന് വീണ്ടും വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേര്ത്തു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള് കോണ്ഗ്രസിന്റെ തകര്ച്ചക്കു മേല് മണ്ണുവാരിയിട്ടെന്നും യെദ്യൂരപ്പ പരിഹസിച്ചു.
കര്ണാടകയിലെ 28 ലോക്സഭാ സീറ്റുകളും വിജയിച്ച് പ്രധാനമന്ത്രി മോദിക്ക് സമ്മാനിക്കാൻ ആത്മാര്ത്ഥമായ ശ്രമം നടത്തുമെന്ന് യെദ്യൂരപ്പ മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.