ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യു.പി.ഐ പേയ്മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ.
ഗൂഗിളിന്റെ സ്വന്തം പേയ്മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണികളിലൊന്ന് കൂടിയാണ് ഇന്ത്യ. വിപണി വിഹിതത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കമ്പനി.
സംശയാസ്പദമായ ഇടപാടുകൾ തത്സമയം തിരിച്ചറിയാൻ ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസും തട്ടിപ്പ് തടയൽ സാങ്കേതികവിദ്യയും തങ്ങൾ ഉപയോഗിക്കുന്നതായി ഗൂഗിൾ പറഞ്ഞിരുന്നു.
യൂസർമാരെ സുരക്ഷിതമായി നിലനിർത്താനുള്ള സാങ്കേതിക വിദ്യകൾ നിർമ്മിക്കുന്നതിനായി മറ്റ് കമ്പനികളുമായി ചേർന്ന് സജീവമായി പ്രവർത്തിച്ചുവരികയാണ് കമ്പനി.
എന്നാൽ, സുരക്ഷയ്ക്ക് വേണ്ടി ഗൂഗിൾ അതിന്റെ പങ്ക് നിർവഹിക്കുമ്പോൾ, ഉപയോക്താക്കളും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ഗൂഗിൾ പേ യൂസർമാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില പ്രധാനപ്പെട്ട കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണിപ്പോൾ ഗൂഗിൾ.
സ്ക്രീൻ ഷെയറിങ് ആപ്പുകളോട് ഗുഡ് ബൈ പറയുക…
ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് ഗൂഗിൾ നൽകിയ മുന്നറിയിപ്പിൽ പ്രധാനപ്പെട്ട ഒന്നാണിത്. നിങ്ങൾ നിർബന്ധമായും സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഉപയോഗിക്കാൻ പാടില്ല.
എന്താണ് സ്ക്രീൻ ഷെറയിങ് ആപ്പ്-
നിങ്ങൾ ഫോണോ ടാബ്ലെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഉപകരണത്തിന്റെ സ്ക്രീനിൽ എന്താണുള്ളതെന്ന് കാണാൻ സ്ക്രീൻ പങ്കിടൽ ആപ്പുകൾ മറ്റുള്ളവരെ അനുവദിക്കും.
ഫോൺ/ലാപ്ടോപ്പ്/പിസി എന്നിവയിലെ പ്രശ്നങ്ങൾ വിദൂരമായി പരിഹരിക്കാനാണ് ഈ ആപ്പുകൾ ആദ്യം ഉപയോഗിച്ചിരുന്നത്.
ഇത്തരം ആപ്പുകൾ നിങ്ങളുടെ ഫോണിന്റെ/ഉപകരണത്തിന്റെ പൂർണ്ണമായ ആക്സസും നിയന്ത്രണവും അനുവദിക്കുന്നു.
സ്ക്രീൻ പങ്കിടൽ ആപ്പുകളുടെ ഉദാഹരണങ്ങൾ ഇവയാണ്: സ്ക്രീൻ ഷെയർ, എനിഡസ്ക്, ടീം വ്യൂവർ.
എന്തുകൊണ്ട് സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഉപയോഗിച്ചുകൂടാ..?
തട്ടിപ്പുകാർക്ക് നിങ്ങളുടെ പേരിൽ ഇടപാടുകൾ നടത്തുന്നതിന് നിങ്ങളുടെ ഫോൺ നിയന്ത്രിക്കാൻ ഈ ആപ്പുകൾ ഉപയോഗിക്കാം.
നിങ്ങളുടെ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ കാണുന്നതിന് ഉപയോഗിക്കാം.
നിങ്ങളുടെ ഫോണിലേക്ക് അയച്ച OTP കാണാനും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യാനും ഉപയോഗിക്കാം.
ഒരു കാരണവശാലും ഒരു തേർഡ് പാർട്ടി ആപ്പ് ഡൗൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ ഗൂഗിൾ പേ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഗൂഗിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം ആപ്പുകൾ നിങ്ങൾ ഡൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ഗൂഗിൾ പേ ഉപയോഗിക്കുന്നതിന് മുമ്പ് അവ ക്ലോസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
“ആരെങ്കിലും ഗൂഗിൾ പ്രതിനിധിയാണെന്ന് പറഞ്ഞ് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ അവ അൺഇൻസ്റ്റാൾ ചെയ്ത് ഇല്ലാതാക്കാനും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.