വെറും 31 രൂപയുടെ റീഫണ്ട് നൽകാതിരുന്നതോടെ ഗ്രോസറി കമ്പനിയായ ഗ്രോഫേഴ്സ് ഉപഭോക്താവിന് നൽകേണ്ടി വന്നത് 8000 രൂപ.
തണ്ണിമത്തൻ വിത്തുകളിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. കൽപനാ ഷാ എന്ന യുവതിക്കാണ് 2020ൽ നടന്ന സംഭവത്തിൽ കമ്പനി നഷ്ടപരിഹാരം നൽകിയത്.
തണ്ണിമത്തൻ വിത്തിന്റെ വിലയായി 31 രൂപ കൽപന നൽകിയെങ്കിലും സാധനം വീട്ടിൽ എത്തിയില്ല. ഇതോടെ കൽപന കമ്പനിയോട് റീഫണ്ട് ആവശ്യപ്പെട്ടു.
ഇതിനിടെ, കൽപന ഒരു സൈബർ തട്ടിപ്പിനും ഇരയായി, റീഫണ്ടിനുള്ള ഒടിപി നൽകിയ കൽപനക്ക് അക്കൗണ്ടിൽ നിന്ന് 5,000 രൂപയാണ് നഷ്ടമായത്.
2022-ലാണ് കൽപന സൗത്ത് മുംബൈയിലുള്ള ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
കമ്മീഷൻ കൽപനക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ഒടിപി നൽകിയപ്പോൾ നഷ്ടപ്പെട്ട തുകയടക്കം നഷ്ടപരിഹാരമായി ലഭിക്കാൻ കൽപന അർഹയാണെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു.
2020 ജനുവരി മുതൽ 31 രൂപക്ക് ഒമ്പത് ശതമാനം പലിശ എന്ന രീതിയിൽ കൽപനക്ക് ആകെ 8000 രൂപ നൽകണം എന്നാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി പ്രസ്താവിച്ചത്.
എതിർ കക്ഷിയായ ഗ്രോഫേഴ്സ് സേവന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അന്യായമായ കാര്യങ്ങൾ ചെയ്തെന്നും തെളിഞ്ഞതായും കമ്മീഷൻ ചൂണ്ടിക്കാട്ടി.