ബെംഗളൂരു : സ്കൂളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ തേനീച്ചയുടെ ആക്രമണം. തുമകൂരിലെ ഷിറ താലൂക്കിലെ ചിക്കനഹള്ളിയിലാണ് സംഭവം ഉണ്ടായത്.
സ്കൂളിനോട് ചേർന്നുള്ള തോട്ടത്തിൽ തേനീച്ചക്കൂട് ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ സ്കൂൾ തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ പരിസരത്ത് കളിക്കുകയായിരുന്നു. ഈ സമയം 20ലധികം കുട്ടികളാണ് തേനീച്ചയുടെ ആക്രമണത്തിന് ഇരയായത്.
മുതുകിലും കഴുത്തിലും മുഖത്തും തലയിലും പരിക്കേറ്റ 16 വിദ്യാർഥികളെ ഷിറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞയുടൻ ഷിറ തഹസിൽദാർ ദത്താത്രേയ, ഡിവൈഎസ്പി ശേഖർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്കൂളിന് ചുറ്റും തേനീച്ചക്കൂട് ഉണ്ടെങ്കിൽ അത് നീക്കം ചെയ്യണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടട്ടുണ്ട്.
തേനീച്ചയുടെ ആക്രമണത്തിന് കാരണമെന്താണെന്ന് അറിവായിട്ടില്ല. തേനീച്ചക്കൂടിന് നേരെ ആരെങ്കിലും കല്ലെറിഞ്ഞിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഭാഗ്യവശാൽ കുട്ടികൾക്കൊന്നും ഗുരുതര പരിക്കേറ്റില്ല.