മലപ്പുറം: കർണാടകയിൽ നിന്ന് വന്ന ശബരിമല തീർഥാടകരുടെ ബസുമായി ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും നാല് യാത്രക്കാരും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്.
ശബരിമല തീർഥാടകർ സഞ്ചരിച്ച കർണാടക ബസും ഓട്ടോയും തമ്മിലാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ മജീദും വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം അഞ്ച് പേരാണ് മരിച്ചത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
കർണാടകയിൽ നിന്ന് അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പോലീസ് സംയുക്ത അന്വേഷണം നടത്തുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ എസ് അപകടത്തെക്കുറിച്ച് പ്രതികരിച്ചു.
അപകടസ്ഥലം കൃത്യമായി പരിശോധിച്ച് റോഡിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നറിയാൻ അന്വേഷണം നടത്തുന്നു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.