ബെംഗളൂരു: കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഡിസംബർ അവസാനത്തോടെ ബെംഗളൂരുവിന് ലഭിക്കും.
കെഎസ്ആർ ബെംഗളൂരുവിനെ സേലം വഴി കോയമ്പത്തൂർ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ട്രെയിനിന് റെയിൽവേ അധികൃതർ താൽക്കാലികമായി അനുമതി നൽകിയിട്ടുണ്ട്.
ഇത് എട്ട് കോച്ചുകളുള്ള ഒരു ട്രെയിൻ സെറ്റ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ .
രണ്ട് നഗരങ്ങൾക്കിടയിൽ സെമി-ഹൈ-സ്പീഡ് ട്രെയിൻ ഓടുന്നതിന്റെ വാണിജ്യപരവും പ്രവർത്തനപരവുമായ സാധ്യതകളെ കുറിച്ച് റെയിൽവേ ബോർഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് അടുത്തിടെയാണ് സമർപ്പിച്ചത്, ഇനി റെയിൽവേ ബോർഡിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.
റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതിന് ശേഷമേ നിരക്ക്, സ്റ്റോപ്പേജ്, യാത്രാ സമയം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാകൂ.
നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ രണ്ട് നഗരങ്ങൾ തമ്മിലുള്ള ദൂരം പിന്നിടാൻ 6 മണിക്കൂറും 45 മിനിറ്റും എടുക്കും. അതേസമയം വന്ദേ ഭാരതത്തിന് ഏകദേശം അഞ്ച് മണിക്കൂർ എടുത്തേക്കാം.
ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് രണ്ട് റെയിൽവേ ലൈനുകൾ ഉണ്ട് – a) ഹൊസൂർ, സേലം വഴി (379 കി.മീ); b) കുപ്പം, സേലം വഴി (420 കി.മീ).
ബംഗളൂരു-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ഏത് വഴിയാണ് പോകുന്നതെന്ന് വ്യക്തമല്ല.