ബെംഗളൂരു : റാപിഡോ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി.
കോറമംഗലയിലെ താമസക്കാരിയായ ഐ.ടി. ജീവനക്കാരിയാണ് ഡ്രൈവറിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടത്.
ശനിയാഴ്ച രാത്രി ജോലികഴിഞ്ഞ് രാത്രി 8.30-ഓടെ ടിൻ ഫാക്ടറി റോഡിൽനിന്ന് കോറമംഗലയിലേക്കാണ് യുവതി ബൈക്ക് ടാക്സി വിളിച്ചത്.
തന്റെ മൊബൈലിന്റെ ചാർജ് തീർന്നെന്നും മാപ്പ് നോക്കാൻ മൊബൈൽ വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവർ യുവതിയുടെ ഫോൺ വാങ്ങി.
പിന്നീട് താമസസ്ഥലത്തെത്തുന്നതുവരെ ശരീരഭാഗങ്ങളിൽ ഇയാൾ മോശമായി സ്പർശിക്കുകയായിരുന്നു.
ഭയന്നുപോയതിനാൽ ഈ സമയത്ത് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും യുവതി സാമൂഹികമാധ്യമത്തിലിട്ട കുറിപ്പിൽ പറയുന്നു.
ഇതുസംബന്ധിച്ച് റാപിഡോയുടെ കസ്റ്റമർ കെയറിൽ പരാതിപ്പെട്ടപ്പോൾ ഡ്രൈവർക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചതെന്നും ഇതുസംബന്ധിച്ച് മറ്ററിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.