ബെംഗളൂരു: കാൻസർ രോഗിയായ യുവതിക്ക് ജോത്സ്യന്റെ ഉപദേശത്തെത്തുടര്ന്ന് കുടുംബം ചികിത്സ നിഷേധിച്ചതായി പരാതി.
ബെംഗളൂരു ലഗ്ഗേരെ സ്വദേശിനിയായ 26-കാരി മമതശ്രീക്കാണ് വീട്ടുകാര് ചികിത്സ നിഷേധിച്ചത്.
ഇക്കാര്യം വിശദീകരിച്ച് സുഹൃത്തുക്കള്ക്ക് ഇവര് വാട്സാപ്പ് സന്ദേശമയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സുഹൃത്തുക്കളുടെ ഇടപെടലിനെത്തുടര്ന്ന് വനിതാ- ശിശുക്ഷേമവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ജീവനക്കാരെത്തി യുവതിയെ ആശുപത്രിയില് പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി.
നാലുമാസം മുമ്പ് യുവതിക്ക് ശരീരവേദന വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
വേദന കലശലായതോടെ യുവതിയുടെ സഹോദരന് വീടിന് സമീപത്തെ ജോത്സ്യനെ സന്ദര്ശിച്ചു.
സമയദോഷംകൊണ്ടാണ് രോഗമെന്നും ഭക്ഷണം കുറച്ച് മഞ്ഞള്വെള്ളം കുടിച്ചാല് മതിയെന്നുമായിരുന്നു ജോത്സ്യന്റെ ഉപദേശം.
തുടര്ന്ന് യുവതിക്ക് നല്കുന്ന ഭക്ഷണത്തിന്റെ അളവ് വീട്ടുകാര് കുറച്ചു.
ആരോഗ്യസ്ഥിതി മോശമായതോടെ കഴിഞ്ഞദിവസമാണ് യുവതി വിവരം സുഹൃത്തുക്കളുമായി പങ്കുവെച്ചത്.
ഇതോടെ സുഹൃത്തുക്കള് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ആശുപത്രിയില് നടത്തിയ പരിശോധനയിലാണ് അര്ബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടര്ന്ന് പ്രദേശവാസികള് ജോത്സ്യന്റെ വീടിന് മുന്നില് പ്രതിഷേധിച്ചു.
ലഗ്ഗേരെ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.