ബെംഗളൂരു: വിവാഹം കഴിഞ്ഞിട്ടും പ്രണയബന്ധത്തില് നിന്ന് പിന്മാറാതിരുന്ന 17കാരിയെ അച്ഛന് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
കോലാറിലെ മുളബാഗലിലുള്ള മുസ്തൂരു ഗ്രാമത്തില് കഴിഞ്ഞ മേയില് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.
പെണ്കുട്ടിയെ കാണാതായെന്ന കേസ് അന്വേഷിച്ച നംഗലി പോലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്ന്ന് പെണ്കുട്ടിയുടെ അച്ഛന് മുസ്തൂരു സ്വദേശി രവിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നാംവര്ഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാര്ഥിനിയായ അര്ച്ചിതയാണ് കൊല്ലപ്പെട്ടത്.
ബന്ധുവായ യുവാവുമായി അര്ച്ചിത പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഈബന്ധത്തെ രവി എതിര്ത്തു. ബന്ധം ഒഴിവാക്കാനായി മകളെ മറ്റൊരു യുവാവിന് വിവാഹംചെയ്തുകൊടുത്തു.
പക്ഷേ, മകള് ഭര്തൃവീട്ടില് നില്ക്കാന് കൂട്ടാക്കിയില്ല.
അര്ച്ചിത ആദ്യബന്ധം ഫോണ് വഴി തുടരുകയുംചെയ്തു.
ഇത് മനസ്സിലാക്കിയ ഭര്ത്താവ് രവിയെ വിളിച്ചുവരുത്തി മകളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.
രോഷാകുലനായ രവി മകളെ തന്റെ ഫാംഹൗസില് കൂട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തുടര്ന്ന് തെളിവുകള് നശിപ്പിക്കാനായി മൃതദേഹം കത്തിച്ചു.
പിന്നീട് മകളെ കാണാതായതായി പോലീസില് പരാതി നല്കുകയായിരുന്നു.
ഇതില് അന്വേഷണം നടത്തുന്നതിനിടെ പോലീസിന് ആരോ അയച്ച കത്തിലെ വിവരങ്ങളില്നിന്നാണ് കൊലക്കേസിന് തുമ്പുണ്ടാക്കാനായത്.
മൃതദേഹം കത്തിച്ച സ്ഥലത്തെത്തി പോലീസ് തെളിവുകള് ശേഖരിച്ചു.
കൊലപാതകത്തിന് പുറമെ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ നിര്ബന്ധിച്ച് വിവാഹം കഴിപ്പിച്ച കുറ്റവും രവിയുടെപേരില് ചുമത്തിയതായി കോലാര് ജില്ലാ പോലീസ് മേധാവി എം. നാരായണ് പറഞ്ഞു.