ബെംഗളൂരു: പത്തുലക്ഷം കിലോമീറ്ററിലധികം ഓടിയ കർണാടക ആര്.ടി.സി. യുടെ ബസുകള് നിരത്തില്നിന്ന് പിന്വലിക്കണമെന്ന് ഹൈക്കോടതി.
പഴയ ബസുകള് യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്ദേശം.
നിശ്ചിത ഇടവേളകളില് ബസുകളുടെ കാര്യക്ഷമത പരിശോധിക്കാന് സംവിധാനമൊരുക്കണമെന്നും ആര്.ടി.ഒ.-യില് നിന്ന് ഇതുസംബന്ധിച്ച സര്ട്ടിഫിക്കറ്റ് നേടണമെന്നും ഹൈക്കോടതി നിര്ദേശിച്ചു.
ഒരുവര്ഷം മുമ്പ് ബസിടിച്ച് വിദ്യാര്ഥികള് മരിച്ചസംഭവത്തില് ശിക്ഷിച്ച നടപടി പിന്വലിക്കണമെന്നാവശ്യപ്പെട്ട് കര്ണാടക ആര്.ടി.സി. ഡ്രൈവര് സമര്പ്പിച്ച ഹര്ജി പരിഗണിക്കുകയായിരുന്നു കോടതി.
പത്തുലക്ഷം കിലോമീറ്റര് പിന്നിട്ട നൂറുകണക്കിന് ബസുകളാണ് കര്ണാടക ആര്.ടി.സി. സര്വീസ് നടത്താനുപയോഗിക്കുന്നത്.
നോര്ത്ത് വെസ്റ്റ് കര്ണാടക ആര്.ടി.സി.യുടെ കീഴില്മാത്രം ഇത്തരം 1,300 -ഓളം ബസുകളുണ്ട്.
മറ്റു മേഖലാ ട്രാന്സ്പോര്ട്ട് കോര്പ്പറേഷനുകളിലെ ബസുകളുടെ കണക്കെടുത്താല് ഇവയുടെ എണ്ണം ആറായിരത്തോളമാകുമെന്നാണ് വിലയിരുത്തല്.
പഴയ ബസുകള് ഘട്ടംഘട്ടമായി പിന്വലിക്കാന് ഗതാഗതവകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കനത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന കണ്ടെത്തലിനെത്തുടര്ന്ന് തുടര്നടപടിയുണ്ടായിരുന്നില്ല.
പഴയ ബസുകള് പിന്വലിക്കുന്നതനുസരിച്ച് പുതിയ ബസുകള് ഇറക്കിയില്ലെങ്കില് ഗ്രാമീണമേഖലയിലെ യാത്രാദുരിതം അതിരൂക്ഷമാകുമെന്നും അധികൃതര് കണ്ടെത്തിയിരുന്നു.