ചെന്നൈ : പന്ത്രണ്ടുനിലക്കെട്ടിടത്തിന്റെ മൂന്നാംനില തുളച്ച് മെട്രോവണ്ടി കുതിച്ചുപായുന്ന ദൃശ്യത്തിന് വൈകാതെ ചെന്നൈ സാക്ഷ്യം വഹിച്ചേക്കും.
മെട്രോ പാതയുടെ രണ്ടാം ഘട്ടത്തിൽ മൂന്നിടത്തെങ്കിലും സ്റ്റേഷനോട് ചേർന്ന് ബഹുനില മന്ദിരങ്ങൾകൂടി പണിയാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡി (സി.എം.ആർ.എൽ.) പദ്ധതി.
തിരുമംഗലം, കോയമ്പേട്, തിരുമൈലായ് സ്റ്റേഷനുകളിലാണ് സി.എം.ആർ.എലിന്റെ ബഹുനില സമുച്ചയങ്ങൾ ഉയരുക.
തിരുമംഗലത്തെ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഇവിടെ 12 നിലക്കെട്ടിടത്തിന്റെ മൂന്നാം നിലയിലാവും മെട്രോ സ്റ്റേഷന്റെ പ്ലാറ്റ്ഫോം.
മുകളിലും താഴെയും വ്യാപാര കേന്ദ്രങ്ങളും ഓഫീസുകളുമാവും.
വണ്ടിയിറങ്ങുന്നവർക്ക് നേരേ ഓഫീസിലേക്ക് ലിഫ്റ്റ് കയറാനാവും. കെട്ടിടത്തിലെ സ്ഥലം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പഠിക്കുന്നതിന് ഏജൻസിയെ നിയമിക്കും.
കെട്ടിട നിർമാണത്തിന് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പങ്കാളിത്തം തേടുകയും ചെയ്യും.
തിരുമൈലായി, കോയമ്പേട് സ്റ്റേഷനുകളിലും ബഹുനില മന്ദിരങ്ങൾ പണിയാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അന്തിമരൂപം തയ്യാറായിട്ടില്ല.
മെട്രോ റെയിൽ നിർമാണത്തിനും നടത്തിപ്പിനും മുടക്കുന്ന തുക ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം മുതലാക്കാൻ കഴിയില്ല.
അതുകൊണ്ടാണ് റിയൽ എസ്റ്റേറ്റ് പദ്ധതികൂടി ആലോചിക്കുന്നത്. സ്റ്റേഷനൊപ്പം പണിയുന്ന കെട്ടിടം വാടകയ്ക്കു കൊടുത്താൽ അധികവരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
മഹാരാഷ്ട്രയിലെ നാഗ്പുരിൽ മെട്രോ സ്റ്റേഷനു മുകളിൽ 15 നിലയുള്ള പഞ്ചനക്ഷത്ര ഹോട്ടൽ പണിയാൻ പദ്ധതിയുണ്ട്.
ചൈനയിലെ ചോങ്ഖിങ്ങിൽ ഇപ്പോൾത്തന്നെ ബഹുനിലക്കെട്ടിടത്തിനുള്ളിലൂടെ മെട്രോ ഓടുന്നുണ്ട്.
19 നിലക്കെട്ടിടത്തിന്റെ ആറാംനിലയിലാണ് ഇവിടത്തെ മെട്രോ സ്റ്റേഷൻ. മെട്രോ കാണാൻ മാത്രം ഇവിടെ വിനോദസഞ്ചാരികൾ എത്താറുണ്ട്.