ബെംഗളൂരു: പാര്ക്കിന് സമീപം കാറിലിരിക്കുമ്പോള് ഒരാള് നഗ്നത പ്രദര്ശിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് യുവതിയുടെ വെളിപ്പെടുത്തല്.
ഇയാളില് നിന്നും രക്ഷ നേടാനായി കാറിന്റെ സ്റ്റിയറിങ്ങിന് താഴെ ഒളിക്കേണ്ടി വന്നുവെന്നും യുവതി സമൂഹമാധ്യമക്കുറിപ്പില് വ്യക്തമാക്കി.
ബെംഗളൂരു മഹാദേവപുരയിലെ ബാഗ്മാനെ കോണ്സ്റ്റലേഷന് ബിസിനസ് പാര്ക്കിന് സമീപം ജനുവരി അഞ്ചിന് രാത്രി 8.40 ഓടെയാണ് സംഭവം.
പാര്ക്കിങ് സ്ഥലത്ത് കാറിലിരിക്കുമ്പോഴാണ് ഒരാള് അടുത്തെത്തി മോശമായി പെരുമാറിയത്.
ലൈംഗിക ചേഷ്ടകള് കാണിക്കുകയും നഗ്നത പ്രദര്ശിപ്പിക്കുകയും ചെയ്തു.
പിന്നീട് ഇയാൾ സ്വയംഭോഗം ചെയ്തുവെന്നും യുവതി പറയുന്നു.
ഭയന്ന് താന് കാര് ലോക്ക് ചെയ്ത് അതിനുള്ളില് തന്നെയിരുന്നു.
അയാള് പല തവണ കാറിനെ വലയം ചെയ്തു.
ഡ്രൈവറുടെ സൈഡ് വിന്ഡോയുടെ അടുത്തേക്ക് വരികയും ഭീഷണിപ്പെടുത്തുന്ന ആംഗ്യം കാണിക്കുകയും ചെയ്തു.
അയാളുടെ ശ്രദ്ധയില്പ്പെടാതിരിക്കാന് സ്റ്റിയറിംഗ് വീലിനടിയില് ഒളിച്ചു.
അവഗണിക്കാന് ശ്രമിച്ചിട്ടും അയാള് മോശം പെരുമാറ്റം തുടര്ന്നു.
ഏകദേശം 10 മിനിറ്റിനുശേഷം സുഹൃത്ത് എത്തിയതോടെ, എതിര്വശത്തെ ഡോറിലൂടെ ഇറങ്ങി ആ കാറില് അഭയം പ്രാപിക്കുകയായിരുന്നു.
പിന്നീട് പാര്ക്കിങ് ഏരിയയില് അയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല എന്നും യുവതി കുറിച്ചു.
കുറിപ്പ് വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടിയിട്ടില്ല.