ചെന്നൈ : ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നവർ കരുതിയിരിക്കുക. സ്വിഗ്ഗി ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് നടക്കുന്നതായി പോലിസിന് വിവരംലഭിച്ചു.
ഈ മാസം ഒന്നു മുതൽ 12 വരെ തമിഴ്നാട്ടിൽ നിന്നുള്ള 30 പേർ നാഷണൽ സൈബർ ക്രൈം റിപ്പോർട്ട് പോർട്ടലിൽ ഇത്തരത്തിൽ പരാതി നൽകിയിട്ടുണ്ടെന്ന് എ.ഡി.ജി.പി. സഞ്ജയ് കുമാർ പറഞ്ഞു.
ഉപയോക്താക്കളെ ഓൺലൈനായി ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയും അക്കൗണ്ടുകളിൽനിന്ന് ഇവരറിയാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ഭക്ഷണം ഓർഡർ ചെയ്യുന്നുണ്ടെന്നും പരാതികളിൽ പറയുന്നു.
മൊബൈൽ ഫോണിൽ വരുന്ന ഒ.ടി.പി. നമ്പർ തട്ടിപ്പുകാർ ആവശ്യപ്പെടുമെന്നും ഒരിക്കലും ഇതു നൽകരുതെന്നും പോലീസ് നിർദേശിച്ചു.
കസ്റ്റമർ കെയറിൽ വിളിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്താൽപോലും തട്ടിപ്പുകാർ മറികടക്കാൻ ശ്രമിക്കുന്നതായും ചിലരുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഭക്ഷണം ഓർഡർ ചെയ്ത ശേഷം തുരുതുരെ മെസേജുകൾ ലഭിക്കുന്നു എങ്കിൽ അതൊരു അപകട മുന്നറിയിപ്പായി കണ്ട് ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദേശിച്ചു.
യഥാർഥ ഉപയോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ഭക്ഷണം മാത്രമല്ല പലരും മദ്യംപോലും വാങ്ങുന്നുണ്ടെന്നും കണ്ടെത്താനായിട്ടുണ്ട്.
മൊബൈൽ ആപ്പിൽ നിന്നും വിവരങ്ങൾ ചോർന്നു പോകുന്നത് എങ്ങനെയെന്ന് അന്വേഷിക്കാൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.