ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ ജന്മശതാബ്ദിയുടെ ഭാഗമായി മധുര അളങ്കാനല്ലൂരിന് സമീപം കീഴക്കരൈയിൽ നിർമിച്ച ജല്ലിക്കെട്ട് അരീനയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളായി.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 23-ന് ഉദ്ഘാടനം നിർവഹിക്കും. അന്നുതന്നെ ആദ്യ ജല്ലിക്കെട്ട് മത്സരവും അരങ്ങേറും.
പരമ്പരാഗതവേദിയല്ലാതെ ആധുനികസ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ജല്ലിക്കെട്ട് മത്സരമായിരിക്കും ഇത്.
സ്റ്റേഡിയത്തിലെ പ്രധാനപണികളെല്ലാം പൂർത്തിയായി. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്.
സ്റ്റേഡിയത്തിന്റെ നിർമാണത്തിനും ഇവിടേക്കുള്ള റോഡിനുമായി 40 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 61 കോടിരൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്.
മധുര നഗരത്തിൽനിന്ന് 25 കിലോമീറ്ററോളം ദൂരെയാണ് ജല്ലിക്കെട്ട് അരീന നിർമിച്ചിരിക്കുന്നത്.
റോമിലെ കൊളോസിയത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലും സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളുടെ മാതൃകയിലുമാണ് നിർമാണം.
അർധവൃത്താകൃതിയിലുള്ള ഗാലറിയും കാളകളും വീരന്മാരും നേർക്കുനേർ പോരാടുന്ന മൈതാനവും അടങ്ങുന്നതാണ് മത്സരം നടക്കുന്ന പ്രധാനഭാഗം.
ഇരുമ്പുകൊണ്ടാണ് വാടിവാസൽ തയ്യാറാക്കിയിരിക്കുന്നത്. ഗാലറിയിൽ 4000 പേർക്ക് ഇരുന്ന് മത്സരം കാണാം.
മൂന്നുനിലകളിലായി 55,000 ചതുശ്ര അടി വലുപ്പമുള്ളതാണ് സ്റ്റേഡിയത്തിന്റെ കെട്ടിടസമുച്ചയം.
ഓഫീസ്, മീഡിയ റൂം, എമർജെൻസി മെഡിക്കൽ കെയർ, രജിസ്ട്രേഷൻ ഓഫീസ്, കാളകളുടെ പരിശോധനാകേന്ദ്രം, സ്റ്റാളുകൾ, മ്യൂസിയം എന്നിവ പ്രവർത്തിക്കും.
വി.ഐ.പി. ലോഞ്ച്, ഡോർമെട്രി, കാന്റീൻ, ലോക്കറുകൾ എന്നീ സൗകര്യങ്ങളിൽ ഈ കെട്ടിടത്തിലുണ്ട്.
ദിവസേന ആളുകൾക്ക് വന്നുപോകുന്നതിനുള്ള സൗകര്യങ്ങളും കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സംഘകാലം എഴുത്തുകളിൽ ജല്ലിക്കെട്ടിനെക്കുറിച്ച് പറയുന്നതടക്കം വിവരിക്കുന്ന പ്രദർശനങ്ങൾ മ്യൂസിയത്തിലുണ്ടാകും.
ജല്ലിക്കെട്ടിൽ വീരമൃത്യു വരിച്ചവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയവപോലെ ജല്ലിക്കെട്ടും പതിവായി നടത്താനാണ് പദ്ധതി.