ചെന്നൈ : അയോധ്യയിൽ ശ്രീരാമന്റെ മഹാക്ഷേത്രം ഉയരുന്നതിൽ രാജ്യംമുഴുവൻ ആഘോഷത്തിലാണെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ. രവി അഭിപ്രായപ്പെട്ടു.
എല്ലാവരുടെയും മനസ്സിൽ കുടിയിരിക്കുന്ന രാമൻ ഇപ്പോൾ രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച, ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രത്തിൽ ശുചീകരണപ്രവർത്തനത്തിൽ പങ്കാളിയായശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങൾ ശുചിയാക്കുകയെന്നത് ക്ഷേത്രജീവനക്കാരുടെ മാത്രം ഉത്തരവാദിത്വം അല്ലെന്നും മുഴുവൻ ഭക്തരുടെയും ചുമതലയാണെന്നും ഗവർണർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരം ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളിയാകാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ചൊവ്വാഴ്ച തിരുവള്ളുവർദിനത്തിൽ ഗവർണർ പുറപ്പെടുവിച്ച സന്ദേശം വിവാദമായിരുന്നു.
സനാതനധർമ പാരമ്പര്യത്തിലെ ഏറ്റവും തിളക്കമുള്ള സന്യാസിവര്യനായിരുന്നു തിരുവള്ളുവർ എന്നാണ് അദ്ദേഹം എഴുതിയത്.
കാവിവസ്ത്രം ധരിച്ച് നെറ്റിയിൽ ഭസ്മം പൂശിയ തിരുവള്ളുവർ ചിത്രമാണ് ഇതോടൊപ്പം അദ്ദേഹം നൽകിയത്.
തിരുവള്ളുവരെ കാവി പുതപ്പിക്കാനാണ് ഗവർണറുടെ ശ്രമമെന്നാണ് ഡി.എം.കെ. നേതാക്കളുടെ വിമർശനം.