ചെന്നൈ : ഭർത്താവിന്റെ ജോലിയും ശമ്പളവും സംബന്ധിച്ച വിശദാംശങ്ങൾ ഭാര്യക്ക് കൈമാറണമെന്ന തമിഴ്നാട് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ശരിവെച്ചു.
ഭർത്താവിന്റെ ശമ്പളത്തെക്കുറിച്ചറിയാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭർത്താവുമായി പിണങ്ങിക്കഴിയുന്ന ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. ചെലവിന് ലഭിക്കേണ്ട തുക എത്രയെന്ന് തീരുമാനിക്കാൻവേണ്ടിയാണ് ശമ്പളം എത്രയെന്ന് ആരാഞ്ഞത്.
വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ അനുകൂലവിധി പുറപ്പെടുവിച്ചു.
എന്നാൽ, ഭർത്താവിന്റെ എതിർപ്പുകാരണം തൊഴിലുടമ വിവരം നൽകിയില്ല. ശമ്പളവിവരം നൽകണമെന്ന ഉത്തരവിനെതിരേ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു.
ഭർത്താവിന്റെ ഹർജി തള്ളിയാണ് വിവരാവകാശക്കമ്മിഷൻ ഉത്തരവ് ഹൈക്കോടതി ശരിവെച്ചത്.
ഭർത്താവിന്റെ ശമ്പളത്തെക്കുറിച്ച് അന്വേഷിക്കുന്ന ഭാര്യയെ പുറത്തുനിന്നുള്ളയാളായി കരുതാൻപറ്റില്ലെന്ന് കോടതി വ്യക്തമാക്കി.