ചെന്നൈ : അണ്ണാ ഡി.എം.കെ.യിൽനിന്ന് ഒ. പനീർശെൽവമടക്കം മൂന്നുനേതാക്കളെ പുറത്താക്കിയ ജനറൽ കൗൺസിൽ യോഗതീരുമാനത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
പാർട്ടിയിൽ പിളർപ്പുണ്ടായി എന്നുവേണം കരുതാനെന്നും ഈ വിഷയത്തിൽ ഇടപെടുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സ്റ്റേ തള്ളി ജസ്റ്റിസ് സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
പനീർശെൽവത്തിന് കോടതികളിൽ നിന്ന് നേരിടുന്ന തിരിച്ചടികളുടെ പരമ്പരയിൽ ഒടുവിലത്തേതാണ് വെള്ളിയാഴ്ചത്തേത്.
2022 ജൂലായിൽനടന്ന ജനറൽ കൗൺസിൽ യോഗതീരുമാനത്തെ ചോദ്യംചെയ്യുന്ന ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതിവിധിക്കെതിരേ പനീർശെൽവം, പി.എച്ച്. മനോജ് പാണ്ഡ്യൻ, ആർ. വൈദ്യലിംഗം, ജെ.സി.ഡി. പ്രഭാകർ എന്നിവരാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
പനീർശെൽവംപക്ഷത്തെ പ്രമുഖരെ പുറത്താക്കിയ ശേഷം 2022 മാർച്ച് 26-ന് നടന്ന ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിൽ എടപ്പാടി പളനിസ്വാമി എതിരില്ലാതെയാണ് ജയിച്ചത്.
തങ്ങളെ പുറത്താക്കിയതിനെയും തിരഞ്ഞെടുപ്പിനെയും ചോദ്യംചെയ്ത് പനീർശെൽവവും അനുയായികളും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു.
ജനറൽ കൗൺസിൽ തീരുമാനത്തെ ചോദ്യംചെയ്ത് നൽകിയ സിവിൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സിവിൽ കേസിൽ തീരുമാനം വരാൻ കാലതാമസംവരുമെന്നും തിരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ അഭ്യർഥിച്ചു.
ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ സുപ്രീംകോടതി ഇടപെടുന്നത് ശരിയല്ലെന്ന് അപേക്ഷ തള്ളി ജസ്റ്റിസ് ദത്ത പറഞ്ഞുപാർട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന ജയലളിത മരിച്ചപ്പോൾ അവരെ എക്കാലത്തെയും ജനറൽ സെക്രട്ടറിയായി പ്രഖ്യാപിക്കുകയും പനീർ ശെൽവത്തെയും പളനിസ്വാമിയെയും പാർട്ടി കോ-ഒാർഡിനേറ്ററും ജോയന്റ് കോ-ഒർഡിനേറ്ററുമായി തിരഞ്ഞെടുക്കുകയുമായിരുന്നു.
പാർട്ടിക്ക് ഏകനേതൃത്വംവരണമെന്ന ആവശ്യമുയർത്തി പളനിസ്വാമിപക്ഷം നടത്തിയ നീക്കങ്ങളാണ് പനീർശെൽവത്തെ പുറത്താക്കുന്നതിലേക്കും പളനിസ്വാമിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നതിലേക്കും നയിച്ചത്.
അണ്ണാ ഡി.എം.കെ.യുടെ കൊടിയും ചിഹ്നവും ലെറ്റർ ഹെഡും ഉപയോഗിക്കുന്നത് വിലക്കിയുള്ള വിധിക്കെതിരേ വിമതനേതാവ് ഒ. പനീർശെൽവം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ മാസം തള്ളിയിരുന്നു.