അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ.
ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ വാർത്ത പുറത്തുവരുന്നത്.
അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്ന തിങ്കളാഴ്ച, ഇതേ മുഹൂർത്തത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ ഒട്ടേറെ പേരാണ് ആവശ്യപ്പെട്ടത്.
രാവിലെ 11.45നും 12.45നും ഇടയ്ക്കുള്ള ‘അഭിജിത് മുഹൂർത്തം’ നോക്കി പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളിൽ ഏറെപേർക്കും ലഭിച്ചത് രാമൻ, സീത തുടങ്ങിയ പേരുകളാണ്.
എന്നാൽ ഇ കുഞ്ഞിന്റെ പേരാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്.
തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയിൽ ഫർസാന എന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്ന ബാനു ‘റാം റഹീം’ എന്ന പേര് നൽകുകയായിരുന്നു.
ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നൽകാനാണ് ഈ പേരിട്ടതെന്ന് മുത്തശ്ശി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. നവീൻ ജെയിൻ പറഞ്ഞു.