ചെന്നൈ : ദീർഘദൂര സ്വകാര്യബസുകൾ 24 മുതൽ കിളാമ്പാക്കം സ്റ്റാൻഡിൽനിന്നുതന്നെ സർവീസ് നടത്തണമെന്ന് ഗതാഗതമന്ത്രി എസ്.എസ്. ശിവശങ്കർ ആവശ്യപ്പെട്ടു.
സ്റ്റാൻഡ് ഡിസംബർ 30-ന് ഉദ്ഘാടനം ചെയ്തശേഷം സർക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷ(എസ്.ഇ.ടി.സി.)ന്റെ ബസുകൾമാത്രമാണ് സർവീസ് നടത്തുന്നത്.
ദീർഘദൂര സ്വകാര്യബസുകൾ കോയമ്പേട് സ്റ്റാൻഡിൽനിന്നുതന്നെയാണ് സർവീസ് നടത്തുന്നത്.
കിളാമ്പാക്കം ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദീർഘദൂര ബസ് സർവീസുകൾ മാറിനിൽക്കുന്നത്. 1800 സ്വകാര്യ ദീർഘദൂര ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
എന്നാൽ കിളാമ്പാക്കം ബസ് സ്റ്റാൻഡിൽ 100 സ്വകാര്യബസുകൾക്ക് സർവീസ് നടത്താനുള്ളസൗകര്യം മാത്രമേയുള്ളൂവെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
കിളാമ്പാക്കത്ത് നിന്ന് 24 മുതൽ സർവീസ് നടത്തണമെന്ന് മന്ത്രിയും നടത്തില്ലെന്നനിലപാടിൽ സ്വകാര്യബസ് ഉടമകളും ഉറച്ച് നിൽക്കുന്നതിനാൽ യാത്രക്കാർ ആശയക്കുഴപ്പത്തിലാണ്.
സ്വകാര്യ ബസ് ഉടമകൾ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ 24-ന് ദീർഘദൂര സ്വകാര്യബസുകളിൽ ബുക്കുചെയ്ത യാത്രക്കാരാണ് ആശയക്കുഴപ്പത്തിലായത്.