ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണി അന്തരിച്ചു. 47 വയസായിരുന്നു. അര്ബുദരോഗബാധിതയായി ശ്രീലങ്കയില് ചികിത്സയിലായിരുന്നു. വൈകിട്ട് 5 മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും. 2000ല് ഭാരതി എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില് പാടിയ ‘മയില് പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. കാര്ത്തിക് രാജ, സംഗീത സംവിധായകന് യുവന് ശങ്കര് രാജ എന്നിവര് സഹോദരന്മാരാണ്.
‘രാസയ്യ’ എന്ന ചിത്രത്തിലൂടെയാണ് ഭവതാരിണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. തുടര്ന്ന് പിതാവ് ഇളയരാജയ്ക്കും സഹോദരങ്ങളായ കാർത്തിക് രാജയ്ക്കും യുവൻ ശങ്കർ രാജയ്ക്കും വേണ്ടി പാട്ടുകൾ പാടി.സംഗീതസംവിധായകരായ ദേവയ്ക്കും സിർപ്പിയ്ക്കും വേണ്ടിയും അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
2002ല് രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില് സംഗീതസംവിധാനം നിര്വഹിച്ചു. തുടര്ന്ന് ‘ഫിര് മിലേംഗെ’ ഉള്പ്പെടെ നിരവധി സിനിമകള്ക്കു സംഗീതം നല്കി. മലയാളചിത്രമായ ‘മായാനദി’ ആയിരുന്നു അവസാന ചിത്രം.